നിലവിലെ തെങ്ങിൻ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ - പരിപാലനമുറകൾ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേര രക്ഷാവാരം കാമ്പയിൻ ഒക്ടോബർ മാസം നടപ്പിലാക്കുകയാണ്. മുൻവർഷങ്ങളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവർഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും കാമ്പയിൻ നടത്തുക.
തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, തെങ്ങിൻ തടങ്ങളിൽ പച്ചില വളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീൽ, കൊമ്പൻ ചെല്ലി -ചെമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളുടെ നിയന്ത്രണമാർഗ്ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് കാമ്പയിൻ അടിസ്ഥാനത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.
തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതയ്ക്കായി 1960-കളിൽ സംസ്ഥാന വ്യാപകമായി നടത്തിയിരുന്ന ശീമക്കൊന്ന വാരാചരണത്തിന്റെ പുനരാവിഷ്കരണം എന്ന നിലക്ക് കൂടിയാണ് ഈ കാമ്പയിനെ കൃഷിവകുപ്പ് കാണുന്നത് . 50 ലക്ഷം ശീമക്കൊന്ന കമ്പുകൾ സംസ്ഥാനവ്യാപകമായി നട്ടുപിടിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കമ്പ് ഒന്നിന് 2 രൂപ നിരക്കിൽ കർഷകന് നൽകിക്കൊണ്ട് MNREGA, അഗ്രോ സർവീസ് സെന്ററുകൾ, കർമസേന, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ ക്യാമ്പയിൻ നടപ്പിലാക്കും.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷി ചെയ്‌ത് ആദായമുണ്ടാക്കാനുള്ള ടിപ്പുകൾ
പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചിലവള ചെടികളുടെ വിത്തുകൾ തെങ്ങിൻ തടങ്ങളിൽ നട്ടുപിടിപ്പിക്കുന്നതിന് തടം ഒന്നിന് 6.25 രൂപ സബ്സിഡിയും നൽകുന്നുണ്ട്. കേരഗ്രാമം, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതി ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ടായിരിക്കും സംസ്ഥാനതല കാമ്പയിൻ നടപ്പിലാക്കുക.
കേര രക്ഷാ വാരാചരണം: പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു
കേര രക്ഷാ വാരത്തോടനുബന്ധിച്ച് പാലക്കുഴ കൃഷി ഭവന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. പാലക്കുഴ ഗ്രാമ പഞ്ചായത്ത് പരിധിയിലുളളവര്‍ക്കാണ് മികച്ച തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലക്ക് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട ഫാമില്‍ നിന്നെത്തിച്ച 195 തെങ്ങിന്‍ തൈകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. 50 രൂപ നിരക്കിലാണ് തൈകള്‍ നല്‍കിയത്. വിതരണോദ്ഘാടന ചടങ്ങില്‍ പാലക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കല്‍, കൃഷി ഓഫീസര്‍ ജോസ്‌ന ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 900 തൈകള്‍ കൂടി വിതരണത്തിനെത്തിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. നേര്യമംഗലം ഫാമില്‍ നിന്നാണ് ഇതിനുള്ള തൈകള്‍ എത്തിക്കുന്നത്. സെപ്തംബര്‍ 22 മുതല്‍ 29 വരെ നീണ്ടു നില്‍ക്കുന്ന വാരാചരണത്തിന്റെ ഭാഗമായി കേര സംരക്ഷണം സംബന്ധിച്ച് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
നാളികേര കൃഷിയെ പോത്സാഹിപ്പിക്കുന്നതിനൊപ്പം തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, തെങ്ങിന്‍ തടങ്ങളില്‍ പച്ചില വളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതും കേര രക്ഷാ വാരാചരണത്തിന്റെ ലക്ഷ്യമാണ്.
Share your comments