<
  1. News

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം; വീണാ ജോർജ്ജ്

എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർദ്ധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്.ഐ.വി. വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

Saranya Sasidharan
Kerala aims for no new HIV infections; Veena George
Kerala aims for no new HIV infections; Veena George

പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്.ഐ.വി. അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി. സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ കേരളത്തിലത് 0.06 ആണ്.

എച്ച്.ഐ.വി. സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നതും, ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർദ്ധിച്ച തോതിൽ കേരളത്തിലേയ്ക്ക് കുടിയേറുന്നതും നമ്മുടെ എച്ച്.ഐ.വി. വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. കേരളമാകട്ടെ ഈ ലക്ഷ്യം 2025ൽ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി. ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി. അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്.

അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആർ.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.

എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി. പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ലോക എയ്ഡ്സ് ദിനം ആയിരിക്കുന്നത്. 'Equalize' (ഒന്നായ് തുല്ല്യരായ് തടുത്തു നിർത്താം) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. വർണ, വർഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കിക്കൊണ്ടും, സാമൂഹികവും, സാമ്പത്തികവും, സാംസ്‌ക്കാരികവും, നിയമപരവുമായ സമത്വം ഉറപ്പാക്കിക്കൊണ്ടും മാത്രമേ എച്ച്.ഐ.വിയെ പ്രതിരോധിക്കാനും പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കാനും സാധിക്കൂ.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
ലോക എയ്ഡ്സ് ദിനം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് രാവിലെ 11.30ന് തിരുവനന്തപുരം കനകക്കുന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

English Summary: Kerala aims for no new HIV infections; Veena George

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds