എടിഎം കൗണ്ടറുമായി ബാങ്ക് വീട്ടുമുറ്റത്തേക്ക് എത്തുന്നു. പണം പിൻവലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്കാണ് മൊബൈൽ എടിഎം സേവനം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നത്.
ഇതിനായുള്ള വാഹനങ്ങൾ നബാർഡിന്റെ സഹായത്തോടെ വാങ്ങിക്കഴിഞ്ഞു. റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയാലുടൻ സേവനമാരംഭിക്കാനാണ് ലക്ഷ്യം.
കോഴിക്കോട്, കണ്ണൂർ, വയനാട്, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിൽ കേരള ബാങ്കിന്റെ മൊബൈൽ എടിഎം കൗണ്ടറുകൾ നിലവിലുണ്ട്. ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കും.
ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാകും മൊബൈൽ എടിഎമ്മുകളുടെ സഞ്ചാരം. കേരള ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയുമായി ബന്ധിപ്പിച്ചാകും പ്രവർത്തനം. ഓരോ മേഖലയിലും എല്ലാ ദിവസവും നിശ്‌ചിതസമയം എടിഎം വാഹനമെത്തും.
റൂട്ട് മുൻകൂട്ടി അറിയിക്കുന്നതിനാൽ ആളുകൾക്ക് പണമിടപാടുകൾ നടത്താൻ എളുപ്പമാകും. രണ്ടാംഘട്ടത്തിൽ അക്കൗണ്ട് തുറക്കാനുൾപ്പെടെ സൗകര്യവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏത് ബാങ്കിന്റെ എടിഎം കാർഡുപയോഗിച്ചും പണം പിൻവലിക്കാനാകും.
മൊബൈൽ ബാങ്കിങ് സജ്ജീകരിക്കാൻ പത്ത് വാഹനങ്ങളാണ് നബാർഡിന്റെ സഹായത്തോടെ വാങ്ങിയത്. വരും വർഷങ്ങളിലും കൂടുതൽ വാഹനങ്ങൾ വാങ്ങാനും എടിഎം സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമാണ് ശ്രമം.
Share your comments