ഡാമുകളിൽ ബാക്കിയുള്ള ജലവും കൂടി ഉപയോഗിച്ചാൽ ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നുറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പഴയങ്ങാടി 110 കെവി സബ് സ്റ്റേഷനിലെ സൗരോർജ്ജ നിലയം ഉൾപ്പെടെ 700 കിലോ വാട്ടിന്റെ അഞ്ച് സൗരോർജ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ഡാമുകളിൽ 3000 ടിഎംസി വെള്ളമുണ്ടെങ്കിലും നമ്മൾ ജലസേചനവും വൈദ്യുതിയും കൂടി 300 ടിഎംസി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയും കൂടി ഉപയോഗിച്ചാൽ, ഏറ്റവും ചുരുങ്ങിയ ചെലവിൽ വൈദ്യുതി കൊടുക്കാവുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാം. ഇടുക്കിയിൽ ജലവൈദ്യുതി പദ്ധതിയിൽ നമ്മൾ ഉത്പാദിപ്പിക്കുന്ന ഒരു യൂനിറ്റ് വൈദ്യുതിയുടെ ചെലവ് 55 പൈസയാണ്. അതേസമയം, പീക്ക് അവറിൽ വാങ്ങുന്നത് 20 രൂപ കൊടുത്തിട്ടാണ്. പക്ഷേ, നിർഭാഗ്യവശാൽ പദ്ധതി തുടങ്ങിയാൽ അതിനെ എതിർക്കുന്ന സ്വഭാവമാണ് നമുക്കുള്ളത്.
കാർബൺ രഹിത കൃഷിയിടങ്ങൾ എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര, സംസ്ഥാന സബ്‌സിഡി പദ്ധതിയാണ് പിഎം കുസും. കർഷകരുടെ കൃഷിയിടങ്ങൾ ഹരിതോർജോത്പാദന കേന്ദ്രങ്ങളാക്കി മാറ്റാം. പദ്ധതി എത്രയും വേഗം തങ്ങളുടെ കൃഷിയിടങ്ങളിൽ നടപ്പിലാക്കാൻ മന്ത്രി കൃഷിക്കാരോടായി പറഞ്ഞു. തൃശൂരും പൊന്നാനിയിലും നൂറോളം കോൾ പാടങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നു. കൃഷി വകുപ്പിന് പ്രതി വർഷം 150 കോടിയുടെ വൈദ്യുതി ചാർജാണ് ലാഭം കിട്ടുക. ഇതോടൊപ്പം കേരളത്തിലെ ജലാശയങ്ങളിൽ ഫ്‌ളോട്ടിംഗ് സോളാർ പ്ലാൻറ് നടപ്പിലാക്കാനുള്ള പദ്ധതിയും അനർട്ടിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തുവരുന്നു.
2027ഓടെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും പുനരുപയോഗ ഊർജ സ്രോതസ്സിൽനിന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. 2040ഓടെ പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറ്റാനുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന് പുറമെ സംസ്ഥാനത്തെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും വനാന്തരങ്ങളിലെ ആദിവാസി സമൂഹങ്ങൾക്കും ഈ സാമ്പത്തിക വർഷം തന്നെ വൈദ്യുതി വെളിച്ചം എത്തിക്കും. 75 വർഷമായി സ്വാതന്ത്ര്യം കിട്ടിയിട്ടും ഇനിയും 97 ആദിവാസി കോളനികളിൽ വൈദ്യുതി എത്തിച്ചിട്ടില്ല. അവിടെ ഈ വർഷം തന്നെ എത്ര പ്രയാസപ്പെട്ടിട്ടായാലും വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നത്-മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തൊഴിലധിഷഠിത കോഴ്‌സുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കും
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments