1. കേരള ചിക്കൻ പദ്ധതിയ്ക്ക് 208 കോടിയുടെ വിറ്റുവരവ്. പ്രതിദിനം ശരാശരി 25,000 കിലോ കോഴിയിറച്ചിയാണ് ഔട്ട്ലെറ്റുകളിലൂടെ വിൽപന നടത്തുന്നത്. നിലവിൽ 345 ബ്രോയിലർ ഫാമുകളും, 116 ഔട്ട്ലെറ്റുകളും കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മുഖേന നടപ്പിലാക്കുന്ന പദ്ധതി 2019ലാണ് ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തുടങ്ങിയത്. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്കരിച്ച ചിക്കനും മൂല്യവർധിത ഉൽപന്നങ്ങളും ഉടൻ വിപണിയിലെത്തിക്കും.
കൂടുതൽ വാർത്തകൾ: ക്ഷീരകർഷകർക്ക് 3 കോടി രൂപ; അധിക പാൽ വില പ്രഖ്യാപിച്ച് മിൽമ
2. കൊല്ലം ജില്ലയിലെ മൃഗാശുപത്രികള്‍ സ്മാര്‍ട്ട് ആക്കി മാറ്റുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ വെറ്ററിനറി ഡിസ്പന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് ഉള്‍പ്പെടെ, സ്മാര്‍ട്ട് മൃഗാശുപത്രികളില്‍ സജ്ജീകരിക്കുമെന്നും, കന്നുകാലികള്‍ മരണപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ആദ്യ സംസ്ഥാനം കേരളം ആണെന്നും മന്ത്രി പറഞ്ഞു. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വെറ്ററിനറി ഡിസ്പെന്‍സറി പണികഴിപ്പിക്കുന്നത്.
3. സൗജന്യമായി തേനീച്ച വളര്‍ത്തല്‍, ചെറുകിട വ്യവസായ സംരംഭകത്വം എന്നിവയിൽ പരിശീലനം സംഘടിപ്പിക്കുന്നു. കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്ററിൽ ഒക്‌ടോബര്‍ 26 മുതല്‍ 28 വരെയാണ് പരിശീലനം നടക്കുക. സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഫോൺ: 7012644256, 9496320409
4. ചേർത്തലയിൽ ആരംഭിച്ച രാജ്യത്തെ ആദ്യ പൊതുമേഖലാ തേനീച്ച വളര്‍ത്തല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റ് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തേനീച്ച കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഉപകരണം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്ലാന്റാണിത്. തേനീച്ചക്കൂടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ യന്ത്രങ്ങളും കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ യൂണിറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. തേനിച്ചവളര്‍ത്തല്‍ ഉപകരണങ്ങളായ തേനീച്ചകൂടുകള്‍, തേനെടുപ്പുയന്ത്രം, പുകയന്ത്രം, തേനടക്കത്തി, മുഖാവരണി, പെട്ടിക്കാല്‍, റാണിക്കൂട്, റാണി വാതില്‍, ഡിവിഷന്‍ ബോര്‍ഡ് എന്നിവ നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് വിപണനം ചെയ്യുന്ന പ്രധാന പദ്ധതിയാണിത്.
Share your comments