കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള ചിക്കന്‍ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴില്‍ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍. ഇതിനുവേണ്ടി കേരള ചിക്കന്‍ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആധുനിക പൗള്‍ട്രി പ്രൊസസിങ് പ്ലാന്റ് ആരംഭിക്കും.
കേരളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള ഇറച്ചിക്കോഴി ചുരുങ്ങിയ വിലയ്ക്ക് ആവശ്യക്കാരിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. 5000 കര്‍ഷകരെ 1000 കോഴികള്‍ വളര്‍ത്താന്‍ ശേഷിയുള്ളവരാക്കുക എന്നതാണു ലക്ഷ്യം. കേരള ചിക്കന്‍ പദ്ധതി വഴി ഇറച്ചിക്കോഴി ഉത്പാദനം മികച്ച രീതിയില്‍ ആരംഭിക്കുന്നതോടെ കേരളത്തിലാകമാനം ഇതിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. ഇതുവഴിയും നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ഇറച്ചിക്കോഴി ഉത്പാദന രംഗത്ത് കേരളത്തെ സ്വയംപര്യാപ്തമാക്കാന്‍ കേരള ചിക്കന്‍ പദ്ധതിക്കു കഴിയുമെന്നാണ് വിലയിരുത്തുന്നത്. മലയാളിക്ക് ആവശ്യമുള്ളതിന്റെ 25 ശതമാനത്തോളം ഇറച്ചിക്കോഴി മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതാണ്. കേരളത്തിന് ആവശ്യമുള്ള കോഴി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കാനും കഴിയും.
'കുടുംബശ്രീ കേരള ചിക്കന്‍' എന്ന പേരില്‍ സെപ്റ്റംബറില്‍ കോഴിയിറച്ചി വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി കുടുംബശ്രീയിലെ മുഴുവന്‍ ബ്രോയ്‌ലര്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തി കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍.) എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ മേഖലാ യൂണിറ്റാണ് കഠിനംകുളത്ത് വരുന്നത്. കേരളത്തിലെതന്നെ ഐ.എസ്.ഒ. നിലവാരമുള്ള ആദ്യ പൗള്‍ട്രി മാംസ സംസ്‌കരണ ശാലയായിരിക്കും ഇത്. ഇതിനോടൊപ്പം ശിലാസ്ഥാപനം നടന്ന ബ്രോയ്‌ലര്‍ പാരന്റ് സ്റ്റോക്ക് ഫാമില്‍ ആഴ്ചയില്‍ 50,000 ബ്രോയ്‌ലര്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയും.
Share your comments