
ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിക്കായി അണിയറയില്‍ ഒരുങ്ങുന്നത് 14 ഹാച്ചറികളും മൂന്ന് മാംസ - മാലിന്യ സംസ്‌കരണ ശാലകളും. പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രതിദിനം 50 മെട്രിക്ക് ടണ്‍ കോഴിയിറച്ചി ഉത്പാദിപ്പിക്കുന്നതിനായി മാംസ സംസ്‌കരണശാലകള്‍ ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും ഓരോ ഹാച്ചറികള്‍ തുടങ്ങും. മാംസ സംസ്‌കരണശാലകളോടൊപ്പമാണ് മാലിന്യ സംസ്‌കരണശാലകള്‍ പ്രവര്‍ത്തിക്കുക.14 ജില്ലകളിലായി 931 ഫാമുകളാണ് ആരംഭിക്കുന്നത്. 757 വ്യക്തിഗത ഫാമുകളും 174 സംഘങ്ങളുമാണ് ഫാം നടത്തുക.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള പ്രൊഡ്യൂസര്‍ കമ്പനി എന്ന പേരില്‍ രൂപവത്കരിച്ച കമ്പനിക്കാണ് കേരള ചിക്കൻ്റെ ചുമതല. ആയിരത്തോളം ഫാമുകളാണ് വിപണിയുടെ പത്ത് ശതമാനം വില്‍പ്പന സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്നത്. സംസ്ഥാന വ്യാപകമായി സെയില്‍സ് ഔട്ട്‌ലെറ്റുകളിലൂടെയും ഓണ്‍ലൈന്‍ വിപണിയിലൂടെയുമാണ് കോഴിയിറച്ചി വിപണനം.റോസ്, കോബ്, ഹബ്ബാര്‍ഡ് തുടങ്ങിയ ഇനത്തില്‍പ്പെട്ട ലോകത്തോര അത്യുത്പാദനശേഷിയുള്ള ബ്രോയിലര്‍ കോഴികളെയാണ് ഇറച്ചി ഉത്പാദനത്തിനായി പരിഗണിക്കുന്നത്.ആഴ്ചയില്‍ ഒരു ലക്ഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള അമ്മ പക്ഷികളെ വളര്‍ത്തുന്നതിനായി മൂന്ന് യൂണിറ്റുകളും ആരംഭിക്കും.കെപ്‌കോയിലൂടെ മാത്രം വിപണനം നടത്താന്‍ കഴിയാത്തതിനാലാണ് ഔട്ട്‌ലെറ്റുകളിലൂടെ വിതരണം നടത്തുന്നത്.
Share your comments