നമ്മുടെ നാടൻ ചക്ക ചിപ്സും ഏത്തക്കാ ചിപ്സും, വെളിച്ചെണ്ണയും നാളികേര ഉൽപന്നങ്ങളും മറയൂർ ശർക്കരയും മുരിങ്ങക്കയുമൊക്കെ കേരള ബ്രാൻഡായി’ ലോക വിപണിയിലെത്തുന്നു .ഇതിനായി കേന്ദ്രസർക്കാർ സ്ഥാപനമായ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങുമായി(ഐഐപി) സംസ്ഥാന കൃഷിവകുപ്പ് ധാരണാപത്രം ഒപ്പിട്ടു.കേരളത്തിന്റെ കാർഷിക ഉൽപന്നങ്ങളിൽ 25 എണ്ണത്തെ ആഗോളബ്രാൻഡുകളെ വെല്ലുന്ന രീതിയിൽ തയാറാക്കി ആകർഷണീയമായി പായ്ക്ക്ചെയ്ത് ‘ലോകവിപണിയിലെത്തിക്കുന്നത്.
ഇതുസംബന്ധിച്ച് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കും പരിശീലനം നൽകാൻ ഐഐപിയുടെ ന്യൂഡൽഹിയിലെയും മുംബൈയിലെയും വിദഗ്ധർ കേരളത്തിലെത്തും. കർഷകരുടെ ഉൽപന്നങ്ങൾക്കു വിലയും വിപണിയും ലഭ്യമാകാൻ, ഗുണമേന്മയ്ക്കൊപ്പം പായ്ക്കിങിലെ ആകർഷണീയതയും ആവശ്യമാണെന്നു മനസ്സിലാക്കിയാണ് ഈ നടപടി. കാർഷിക സ്റ്റാർട്ടപ് സംരംഭകരും കൃഷി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളും പരിശീലനത്തിൽ പങ്കാളികളാകും. 40 മൂല്യവർധിത ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഒരു ഉൽപന്നത്തെ ആഗോളബ്രാൻഡാക്കി ഗുണനിലവാരം ഉയർത്തി ആകർഷകമായി പായ്ക്ക് ചെയ്തു നൽകുന്നതിന് 2.5 ലക്ഷം രൂപയാണ് ഐഐപിക്കു നൽകേണ്ടത്. ഇത് കൃഷിവകുപ്പ് നൽകും. 40 ഉൽപന്നങ്ങളിൽനിന്ന് 25 ഉൽപന്നങ്ങളെ നിശ്ചയിക്കുന്നത് ഐഐപി വിദഗ്ധരുമായി ആലോചിച്ചാണ്. കേടാകാതെ ഇരിക്കുന്നതിന്റെ ദൈർഘ്യം, വിപണന സാധ്യത, ഗുണമേന്മ എന്നിവയാണ് മാനദണ്ഡമാക്കുക. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽനിന്ന് സഹായം തേടാനും ആലോചിക്കുന്നു.
Share your comments