<
  1. News

വയനാട്ടിലെ വയലേലകളിൽ കമ്പള നാട്ടിയുടെ ആരവം

ഇത്തവണ നല്ല മഴ ലഭിച്ചതോടെ വയനാട്ടിലെ വയലേലകളിൽ കമ്പള നാട്ടി യുടെ ആരവം.

KJ Staff
ഇത്തവണ നല്ല മഴ ലഭിച്ചതോടെ വയനാട്ടിലെ വയലേലകളിൽ കമ്പള നാട്ടി യുടെ ആരവം. വയനാടിന്റെ പൈതൃകവും പാരമ്പര്യവുമാണ് ആദിവാസികളെ ഉൾപ്പെടുത്തി നടത്തുന്ന കമ്പള നാട്ടി. കൂട്ടായ്മയുടെ കരുത്തിൽ തൃശിലേരിയിൽ നടന്ന  കമ്പളനാട്ടി നാടിന് ഉത്സവമായി. വിദ്യാർഥികളടക്കം ഇരുനൂറിലേറെപേരാണ് കമ്പളനാട്ടിക്കെത്തിയത്. 10 കർഷകരടങ്ങുന്ന സൗഹൃദ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഒറ്റദിവസം കൊണ്ട് നാലേക്കർ സ്ഥലത്ത് നാട്ടി നടത്തിയത്. ഒ.വി. ജോൺസൺ , സി.കെ. ശ്രീധരൻ,  രാജേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പളനാട്ടി ഒരുക്കിയത്. 

ആദിവാസി ഗോത്ര ജന വിഭാഗത്തിന്റെ തനത് വാദ്യോപകരണങ്ങളായ  തുടിയുടെയും ചീനിയുടെയും അകമ്പടിയോടെയായിരുന്നു നാട്ടി. തുടിയുടെ താളത്തിനൊത്ത് ചുവടവ് വെച്ചാണ് വിശാലമായ നെൽപാടങ്ങളിൽ നാട്ടി നടത്തിയത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ, എടയൂർകുന്ന് ജിഎൽപി സ്കൂൾ, തൃശിലേരി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും കമ്പളനാട്ടി കൂടാനെത്തി. കമ്പളനാട്ടിക്കെത്തിയവർക്കെല്ലാം തൊണ്ടിഅരിയുടെ ചോറും മുള്ളൻകയമ അരികൊണ്ടുളള പായസവും നൽകി.

കാർഷിക സംസ്കൃതിയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് സംഘം കൂട്ടുകൃഷിയും കമ്പളനാട്ടിയും ഒരുക്കുന്നത്. പരമ്പരാഗത നെൽവിത്തുകളായ ഗന്ധകശാല, വലിയ ചെന്നെല്ല്, മരത്തൊണ്ടി, പാൽത്തൊണ്ടി എന്നിവയാണ് കൃഷിചെയ്യുന്നത്. ഇതിന് പുറമെ 10
പേര്‍ക്കും സ്വന്തമായുളള നെൽകൃഷിയുമുണ്ട്. യൂത്ത് ഐക്കൺ അവാർഡ് ജേതാവായ  രാജേഷ് കൃഷ്ണന്റെ നേതൃത്വത്തിൽ രപീകരിച്ച തിരുനെല്ലി അഗ്രിപ്രൊഡഡക്ഷൻ കമ്പനിയുടെ പേരിൽ കർഷകരുടെ ജൈവഅരി വിപണിയിൽ എത്തിക്കുന്നുമുണ്ട്. തിരുനെല്ലി പ‍ഞ്ചായത്തിലെ നാല് സ്വാശ്രയസംഘങ്ങളടക്കം നൂറോളം കർഷകർ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ കൃഷി ചെയ്യുന്ന 125 ഏക്കർ സ്ഥലത്തെ പരമ്പരാരാഗത നെല്ലും കമ്പനി ശേഖരിക്കും.  

മുള്ളൻകയമ, ഗന്ധകശാല എന്നിവ കിലോഗ്രാമിന് 50രൂപക്കും മരത്തൊണ്ടി, പാൽത്തൊണ്ടി തുടങ്ങിയ പരമ്പരാഗത നെല്ലുകൾ കിലോഗ്രാമിന് 29 രൂപക്കുമാണ് സംഭരിക്കുന്നത്. സ്വന്തം വീടുകളിൽപുഴുക്കി ഉണക്കി നാലാംമൈലിലെ മില്ലിലെത്തിച്ച് അരിയാക്കിയാണ് വിൽക്കുന്നത്. കേരളത്തിൽ എല്ലായിടത്തും ഇവ ലഭിക്കും. മുള്ളൻകയമ, ഗന്ധകശാല എന്നിവയുടെ ജൈവ അരി കിലോഗ്രാമിന് 110രൂപക്കും മറ്റ് പരമ്പരാഗത അരി ഇനങ്ങൾ65 രൂപക്കുമാണ് വിൽപ്പന നടത്തുന്നത്. കൃഷിയെ ഏറെ സ്നേഹിക്കുന്ന ഇൗ കൂട്ടായ്മക്ക് അർ‍ഹമായ പിൻതുണ നൽകാൻ അധികൃതർ തയ്യാറായാൽ വയൽനാടായിരുന്ന വയനാടിന്റെ തിരിച്ച് വരവിനുളള വഴിതെളിയും.
English Summary: kerala farmers wayanadu

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds