
1. കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കർഷക ഉത്പാദക കമ്പനിയിൽ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാൻ ധാരണാപത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷികോല്പാദക കമ്പനിയുടെ നേതൃത്വത്തിൽ 330 ഹെക്ടർ സ്ഥലത്താണ് പൂർണ്ണമായും ജൈവ രീതിയിൽ കാപ്പി, കുരുമുളക്, മഞ്ഞൾ, കൊക്കോ തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നത്. കാപ്പിയുടെ കയറ്റുമതിക്കായി യൂറോപ് ആസ്ഥാനമായി പ്രവർത്തിക്കുന്ന JS&T അസ്സോസിയേറ്റ്സ് എന്ന സ്ഥാപനവും കുരുമുളക് കയറ്റുമതിക്കായി സ്വീഡൻ ആസ്ഥാനമായ വൈക് വർക്സ് AB എന്ന കമ്പനിയുമാണ് അതിരപ്പള്ളി ട്രൈബൽ വാലി എഫ്.പി.സിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. നിയമസഭാ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ്, ചാലക്കുടി എം.എൽ.എ. റ്റി.ജെ. സനീഷ് കുമാർ ജോസഫ് , കാർഷിക ഉത്പാദക കമ്മീഷണർ ബി അശോക് ഐ.എ.എസ്., കൃഷി അഡീഷണൽ ഡയറക്ടർ കെ.പി. സലീനാമ്മ, അതിരപ്പിള്ളി ട്രൈബൽ വാലി പ്രൊജക്റ്റ് അഡ്വൈസർ ശ്രീ സാലുമോൻ എസ്. എസ്. എന്നിവർ സന്നിഹിതരായിരുന്നു. അതിരപ്പിള്ളി ട്രൈബൽ വാലി എഫ്.പി.സിക്കായി ചെയർമാൻ എം. രതീഷും വൈക് വർക്സ് AB-യെ പ്രതിനിധീകരിച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് രാജഗോപാലനും JS &T അസ്സോസിയേറ്റ്സിനെ പ്രതിനിധീകരിച്ച് ജിനു ജോസഫുമാണ് ധാരണ പത്രത്തിൽ ഒപ്പു വച്ചത്.
2. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2022- 23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അധിവർഷാനുകൂല്യയിനത്തിൽ ആദ്യ ഗഡു കൈപ്പറ്റിയ കർഷക തൊഴിലാളികൾക്ക് ഏപ്രിൽ രണ്ടാം വാരം ബോർഡിൽ നിന്നും രണ്ടാം ഗഡു വിതരണം ചെയ്യും. അധിവർഷാനുകൂല്യത്തിന്റെ ആദ്യ ഗഡു കൈപ്പറ്റിയ തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ നോമിനികൾ മരണസർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും.
Share your comments