1. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ പദ്ധതികൾക്ക് നൽകി വന്നിരുന്ന ആനൂകൂല്യങ്ങൾ വർദ്ധിപ്പിച്ചു. പുതുക്കിയ ആനൂകൂല്യങ്ങളുടെയും നടപ്പിലാക്കിയ പുതിയ പദ്ധതികളുടെയും വിവരങ്ങൾ ഫിഷറീസ് ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ക്ഷേമനിധി അംഗങ്ങൾ പുതുക്കിയ നിരക്കിലുള്ള അംശാദായം അടയ്ക്കണം. അതതു ഓഫീസുകളിലോ ഫിഷറീസ് ഓഫീസർ പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിലോ പണം അടച്ച് രസീത് കൈപ്പറ്റണം.
2. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കളമശ്ശേരി നിയോജക മണ്ഡലത്തിനു ലഭിച്ച കാർഷിക ഡ്രോൺ വ്യവസായ വാണിജ്യവകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയിൽ അംഗങ്ങളായ എറണാകുളം ജില്ലയിലെ നാല് വനിതകൾക്കാണ് ഡ്രോണും ഡ്രോൺ ലൈസൻസും ലഭ്യമായത്. വനിതാശാക്തീകരണത്തിൻ്റെ ഭാഗമായി FACT മുഖേനയാണ് വളവും കീടനാശിനിയും തളിക്കുന്നതിനായുള്ള ഡ്രോൺ അനുവദിച്ചത്. നൂതന സാങ്കേതികവിദ്യ കാർഷികമേഖലയിൽ ഉപയോഗപ്പെടുത്തുന്ന മികച്ച മാതൃകയ്ക്കാണ് കൃഷിക്കൊപ്പം കളമശ്ശേരി തുടക്കമിടുന്നത്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇതേ മാതൃകയിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും ഡ്രോൺ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലും മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments