<
  1. News

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു... കൂടുതൽ കാർഷിക വാർത്തകൾ

സംസ്ഥാനത്ത് കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ ‘കെ-അഗ്‌ടെക് ലോഞ്ച്പാഡ്’ പദ്ധതി നടപ്പിലാക്കി കൃഷി വകുപ്പ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു; പങ്കെടുക്കുന്നതിനായി ഏപ്രിൽ 10 നകം അപേക്ഷ സമർപ്പിക്കാം, സംസ്ഥാനത്ത് വേനൽ മഴ ശക്തമായി തുടരുന്നു; ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. സംസ്ഥാനത്തെ കാർഷിക സമ്പദ് വ്യവസ്ഥയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്ന കെ-അഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതി നടപ്പാക്കി കൃഷി വകുപ്പ്. പദ്ധതിയുടെ ഉദ്ഘാടനകർമം വെള്ളായണി കാർഷിക കോളേജിൽ വച്ച് കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷികമേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്ന് വിപണിയിലെത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ നൽകൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള കാർഷിക സർവകലാശാലയിൽ ആരംഭിക്കുന്ന പദ്ധതിയാണ് കെ-അഗ്‌ടെക് ലോഞ്ച് പാഡ്. കേരള കാർഷിക സർവ്വകലാശാലയും നബാർഡും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സർവ്വകലാശാലയുടെ കീഴിൽ സെക്ഷൻ-8 കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്ന ഈ പദ്ധതിക്കായി പ്രത്യേക ഭരണസംവിധാനം നിലവിൽ വരും.

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവ്, വൈവിധ്യവൽക്കരണം എന്നിവയിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാന വർദ്ധനവിനുള്ള സാധ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ നൽകുകയും ഇൻക്യുബേഷന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക, സ്ത്രീ സംരംഭകർക്ക് പ്രാമുഖ്യം നൽകി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ വിവിധ വിളകളിലെ കൃത്യതാ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരു ഹൈടെക് കൃഷി യൂണിറ്റ് വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കും.

2. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ശനിയാഴ്ച വരെ വേനൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യത പരിഗണിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴം മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Kerala Fishermen's Welfare Fund Board organizes adalats... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds