ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. സർക്കാരിൻറെ 100 ദിന കർമ്മപരിപാടി ഉൾപ്പെടുത്തി 10000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കാനാണ് തീരുമാനം. 10000 കർഷക ഗ്രൂപ്പുകൾ സ്ഥാപിക്കുവാനും എല്ലാ വീടുകളിലും പോഷക തോട്ടം നിർമ്മിക്കാനും കൃഷിവകുപ്പ് തീരുമാനിച്ചു.
പ്രവർത്തനരീതികൾ
ഈ പദ്ധതിയുടെ ഭാഗമാകുന്ന മുഴുവൻ പേർക്കും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമി കണ്ടെത്താൻ കൃഷിവകുപ്പ് സഹായിക്കുന്നതാണ്. ഇതിനുവേണ്ടി വിത്തുകളും തൈകളും നൽകും. കൃഷി ചെയ്യുന്ന ഇനം /വിസ്തൃതി എന്നിവയ്ക്ക് അനുസൃതമായി പരിപാലനമുറകൾ നിശ്ചയിച്ചു നൽകും. വീടുകൾ, സ്കൂളുകൾ, കോളേജ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ ഉറപ്പു വരുത്തും.
പച്ചക്കറികൃഷിക്ക് മുൻഗണന നൽകുന്നത് വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ തുടങ്ങിയവയ്ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ മിസ്കോൾ ഇൻഫർമേഷൻ സംവിധാനം എല്ലാ ജില്ലകളിലും ഉടൻ നിലവിൽ വരുന്നതാണ്.
പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കുന്നു
100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പുതിയ അഞ്ചിനം പഴം- പച്ചക്കറികൾക്ക് കൂടി തറവില ഏർപ്പെടുത്താൻ കൃഷി വകുപ്പ് തീരുമാനിച്ചു. വിപണിയിലെ വില നിലവാരം താരതമ്യം ചെയ്ത ശേഷം താങ്ങുവില ഏർപ്പെടുത്തേണ്ട ഇനങ്ങളെ കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ വിലനിർണ്ണയ ബോർഡിന് നിർദ്ദേശം നൽകി. വിശദമായ ചർച്ചയ്ക്കുശേഷം താങ്ങുവില ഏർപ്പെടുത്തേണ്ട പഴം പച്ചക്കറികൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തൊഴിലവസരങ്ങൾ വർധിക്കുന്നു
പുതിയ പദ്ധതിയുടെ ഭാഗമായി നാലു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതുപ്രകാരം പതിനായിരം പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഗവൺമെൻറ് പറയുന്നത്. 10000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കുന്നതിനായി 10 കോടിയും പതിനായിരം കാർഷിക ഗ്രൂപ്പുകൾക്ക് 15 കോടി രൂപയും നീക്കിവെച്ചു. 10000 കാർഷിക ഗ്രൂപ്പുകൾ രൂപീകരണത്തിലൂടെ ഒരു ലക്ഷം പേർക്ക് പ്രത്യക്ഷമായും 20,000 പേർക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. 10000 ഹെക്ടർ ജൈവകൃഷിയിലൂടെ 20,000 പേർക്ക് പരോക്ഷമായും ആയിരം പേർക്ക് പ്രത്യക്ഷമായും തൊഴിൽ അവസരം ഉണ്ടാകുന്നതാണ്.
പദ്ധതി വിഭാവനം ചെയ്യുന്നത്
എല്ലാവരുടെയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നതാണ് ഇതിൻറെ മുഖ്യലക്ഷ്യം. ഇതു കൂടാതെ പതിനായിരത്തിലധികം കാർഷിക ഗ്രൂപ്പുകൾ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സ്ത്രീകൾ,യുവാക്കൾ, പ്രവാസികൾ തുടങ്ങിയവർ ഉൾപ്പെടുന്ന കൂട്ടങ്ങൾ പദ്ധതിക്കുവേണ്ടി ഒറ്റയ്ക്ക് ആയോ കൂട്ടായോ സജ്ജമാക്കും. ഓരോ കൂട്ടത്തിലും കുറഞ്ഞത് 10 അംഗങ്ങൾ ഉണ്ടായിരിക്കും ഇപ്രകാരം ഒരു പഞ്ചായത്തിൽ കുറഞ്ഞത് ഇത്തരം പത്ത് ഗ്രൂപ്പുകൾ സ്ഥാപിക്കും നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ഗ്രൂപ്പുകൾ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ പലയിടങ്ങളിലായോ കുറഞ്ഞത് രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യണം.
കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനസഹായം നൽകും. തരിശ് കൃഷിക്ക് കൂടുതൽ സഹായം നൽകും. നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 140 സ്മാർട്ട് കൃഷിഭവനുകളുടെ പ്രഖ്യാപനമുണ്ടാകും. 14 കാർഷിക മാതൃക പ്ലോട്ടുകൾ, ജൈവകൃഷി മിഷൻ, സോഷ്യൽ ഓഡിറ്റിങ്, കൃഷി വിപണി ഇടപെടലുകളുടെ ഉദ്ഘാടനം, 500 സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Share your comments