കർഷകർക്കൊരു സന്തോഷ വാർത്ത; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാം!
കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിറക്കിയത്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്. കൂടാതെ ഒരു മാസത്തിനകം ഇതേക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പട്ടു. അതിനാലാണ് കർഷകർക്ക് കാട്ടുപന്നികളെ വേട്ടയാടാൻ അനുമതി നൽകുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലയോര മേഖലകളിൽ കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്ന് വിളകൾ നശിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു.
നിലവിൽ വന്യജീവി നിയമ പ്രകാരം കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ടായിരുന്നില്ല.
തുടർന്ന് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ 6 കര്‍ഷകരാണ് കോടതിയെ സമീപിച്ചത്.
Share your comments