1. News

ഭക്ഷ്യ സുരക്ഷയിലും പോഷകാഹാര ലഭ്യതയിലും കേരളം മാതൃക: മുഖ്യമന്ത്രി

രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ 'കുട്ടികളുടെ പോഷകാഹാര സംരക്ഷണം - വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Meera Sandeep
ഭക്ഷ്യ സുരക്ഷയിലും പോഷകാഹാര ലഭ്യതയിലും കേരളം മാതൃക: മുഖ്യമന്ത്രി
ഭക്ഷ്യ സുരക്ഷയിലും പോഷകാഹാര ലഭ്യതയിലും കേരളം മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി  6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ 'കുട്ടികളുടെ  പോഷകാഹാര സംരക്ഷണം - വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൂചികകളിൽ മുന്നിട്ടുനിൽക്കുമ്പോഴും കുട്ടികളിലെ പോഷകാഹാര ലഭ്യത അടക്കമുള്ള കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നന്നായി ഭക്ഷണം കഴിക്കുന്നുവെന്നതുകൊണ്ടു മതിയായ പോഷണം ലഭിക്കണമെന്നില്ല. ഭക്ഷണരീതികൾ മാറിയ സാഹചര്യത്തിൽ കുട്ടികളടക്കമുള്ളവർക്ക് അനുയോജ്യമായ ഭക്ഷണ രീതി പിൻതുടരണം. കുട്ടികൾക്ക് പോഷണം ലഭിക്കുന്ന ആഹാരരീതി ഉറപ്പാക്കണം. അതിന്റെ ഭാഗമായാണു ശിശു സൗഹൃദ കേരളം സൃഷ്ടിക്കുകയെന്ന സുപ്രധാന ലക്ഷ്യത്തോടെ അംഗൻവാടികളിൽ കുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്താനായി പോഷക ബാല്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ അംഗൻവാടികളിൽ മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ടു ദിവസം മുട്ടയും നൽകുന്നുണ്ട്. ഇതിന് സംസ്ഥാന ബജറ്റിൽ 61 കോടി രൂപയാണു വകയിരുത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: പോഷകാഹാരം ഉറപ്പാക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ 'പോഷകാഹാരത്തോട്ടം' പദ്ധതി

കുട്ടികൾ മികച്ച വിദ്യാഭ്യാസവും ആരോഗ്യമുള്ളവരുമായി വളർന്നാൽ മാത്രമേ നാടിനെ പുരോഗമനോന്മുഖമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. മികച്ച ആരോഗ്യമുള്ള ഒരു തലമുറയെവാർത്തെടുക്കുന്നതിന് ഭക്ഷ്യ ഭദ്രത വലിയ പങ്കാണ് വഹിക്കുന്നത് ലോകത്താകെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യലഭ്യത തുടങ്ങിയ മേഖലകളിൽ കാര്യമായി ഇടപെട്ടും തൊഴിൽ ചെയ്യുന്നതിനുള്ള സുരക്ഷിത അവസരങ്ങൾ ഒരുക്കിയുമൊക്കെയാണ് ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് നമ്മൾ എത്തിച്ചേരുന്നത്. പട്ടിണി ഇല്ലാതാക്കണമെങ്കിൽ ഭക്ഷണവും ലഭ്യമാകണം. അതുകൊണ്ടുതന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തണം.

ധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ആളോഹരി അളവ് വർധിച്ചതുകൊണ്ട് മാത്രം ഭക്ഷ്യ ഭദ്രത കൈവരിക്കാൻ കഴിയില്ല. ആളോഹരി ഉണ്ടാകുന്ന വർധനവ് എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്തമാകുകയും ലഭ്യമാകുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ കൂടി കഴിയണം. ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും അസമത്വങ്ങൾ ഇല്ലാതെ വിതരണം ചെയ്തുകൊണ്ട് മാത്രമേ ഭക്ഷ്യ ഭദ്രത ശരിയായ അർഥത്തിൽ ഉറപ്പുവരുത്താൻ കഴിയുള്ളു. പോഷകാഹാര  പ്രാധാന്യം ലോകത്തിനാകെ വ്യക്തമാക്കി കൊടുത്ത ഘട്ടമാണ് കോവിഡ് മഹാമാരി. പോഷകാഹാരത്തിന്റെയും സമീകൃത ആഹാരത്തിന്റെയും ലഭ്യത നമ്മുടെ രോഗപ്രതിരോധശേഷിയും  മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് കോവിഡിനെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച വഴിയൊന്നും ലോകാരോഗ്യ സംഘടന ഈ കാലഘട്ടത്തിൽ വ്യക്തമാക്കി.

അംഗൻവാടികളിലൂടെ ലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിവിധ സേവനങ്ങൾ നൽകി വരികയാണ്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികസനത്തിന് ഊന്നൽ നൽകിയുള്ള സേവനങ്ങളാണ് അംഗൻവാടി കേന്ദ്രങ്ങൾ വഴി പ്രധാനമായും നൽകുന്നത്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് അനുപൂരക പോഷകാഹാരം. ഈ പദ്ധതി പ്രകാരം ആറു മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും  അംഗൻവാടികളിലൂടെ അനുപൂരക ഭക്ഷണം നൽകി വരുന്നു. തദ്ദേശഭരണസ്ഥാപനങ്ങൾക്കാണ് നടത്തിപ്പ് ചുമതല. ആറു മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക്  കുടുംബശ്രീയുടെ സ്വയംസഹായ സംഘങ്ങൾ നിർമിക്കുന്ന അമൃതം ന്യൂട്രിമിക്സ് നൽകുന്നു. പാലൂട്ടുന്ന അമ്മമാർക്ക് ഗർഭിണികൾക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 14 വയസുവരെയുള്ള കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് കേരളം മറ്റ് സംസ്ഥാനത്തെക്കാളും ഏറെ മുന്നിൽ നിൽക്കുന്നു.    പോഷകാഹാരം ലഭ്യമാക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലാണ് കേരളത്തിൽ നടത്തി കൊണ്ടിരിക്കുന്നത്.

പൊതുവിപണിയിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും ഇവിടെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നു. പുതിയ മാവേലി സ്റ്റോറുകൾ തുറന്നും ഉത്സവകാലങ്ങളിൽ പ്രത്യേക ഫെയറുകൾ സംഘടിപ്പിച്ചും 13 അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിലവർദ്ധനയില്ലാതെ ലഭ്യമാക്കിയും വളരെ കാര്യക്ഷമമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നു. കഴിഞ്ഞ ആറ് വർഷത്തെ കണക്കെടുത്താൽ പതിനായിരം കോടിയോളം രൂപയാണ് വിലവർധന പിടിച്ചു നിർത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. അതുകൊണ്ടാണ് രാജ്യത്തുതന്നെ ഏറ്റവും വിലവർദ്ധന കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്. കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താൻ ബഹുമുഖമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നു. അതിന്റെ ഉദാഹരണമാണ് സംസ്ഥാനത്തെ ഗോത്രവർഗ്ഗ കോളനികളിൽ അടക്കം ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിന് ഭാസുര എന്ന പേരിൽ രൂപീകരിച്ച ഗോത്രവർഗ്ഗ കൂട്ടായ്മ. ഓരോ മേഖലയിലും നടപ്പാക്കുന്ന  ഭക്ഷ്യ ഭദ്രതാ പരിപാടികളുടെ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ കൂടി  ഈ കൂട്ടായ്മ ഏറ്റെടുക്കുകയാണ്. ഇത്തരത്തിൽ ബഹുമുഖമായ ഇടപെടലുകളിലൂടെ കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ മികച്ച നിർദേശങ്ങളും മാതൃകകളും രൂപീകരിക്കാൻ സെമിനാറിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ വി മോഹൻ കുമാർ, ഭക്ഷ്യ വിതരണ-ഉപഭോക്തൃ കാര്യ വകുപ്പ് കമ്മീഷണർ സജിത്ത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കുമാർ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ഹിമാചൽ പ്രദേശ്, സിക്കിം പ്രതിനിധികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആദരിച്ചു. സെമിനാർ ഇന്നു (17 ജനുവരി) സമാപിക്കും.

English Summary: Kerala is a model for food security and nutritional availability: Chief Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds