കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്) 2019 ഇത്തവണ പാലക്കാട് ജില്ലയില്‍ നടക്കും. ജനുവരി 19, 20 തിയ്യതികളില്‍ പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ), പൊതുവിദ്യാഭ്യാസ വകുപ്പ് മറ്റു സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കാര്‍ഷിക സംസ്‌കൃതിയുടെ വിവിധതരം നേട്ടങ്ങളെപ്പറ്റി വിദ്യാലയങ്ങളിലും കുടുംബങ്ങളിലും അവബോധമുയര്‍ത്തുന്ന സ്‌കൂള്‍ കാര്‍ഷിക മേള ഇത്തവണ പോയവര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് സംഘടിപ്പിക്കുന്നത്. 'കാര്‍ഷികവൃത്തിയിലെ പരമ്പരാഗത അറിവുകളും കാലാവസ്ഥയിലെ പൂര്‍വസ്ഥിതി പ്രാപിക്കലും' ആണ് കെസാഫ് 2019 ന്റെ മുഖ്യ വിഷയം. കാര്‍ഷിക ജൈവവൈവിധ്യം, കാര്‍ഷികമേഖലയിലെ വിവരസാങ്കേതികത, പശു അധിഷ്ഠിത കാര്‍ഷിക സംസ്‌കൃതി, വീട്ടുമുറ്റത്തെ ഔഷധോദ്യാനം, വേണ്ടത്ര പ്രയോജനപ്പെടുത്താത്ത പഴങ്ങളും പച്ചക്കറികളും, നൂതനമായ ജൈവക്കൃഷി രീതികള്‍, എന്റെ കൃഷിയിടവും എന്റെ സ്‌കൂള്‍ കൃഷിയിടവും തുടങ്ങി മറ്റു നിരവധി വിഷയങ്ങളും മേളയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും. പ്രസ്തുത വിഷയങ്ങളെ ആധാരമാക്കിയുള്ള ശാസ്ത്ര പ്രബന്ധങ്ങളും പോസ്റ്റര്‍ പ്രസന്റേഷനുകളും നടക്കും. കുട്ടി കര്‍ഷകര്‍ക്ക് തങ്ങളുടെ അനുഭവങ്ങളും നൂതനമായ കണ്ടെത്തലുകളും നിഗമനങ്ങളും ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാനാവും. 7 മിനിറ്റാണ് ഓറല്‍ പ്രസന്റേഷനുകളുടെ ദൈര്‍ഘ്യം. പോസ്റ്റര്‍ പ്രസന്റേഷനും സംഘടിപ്പിക്കുന്നുണ്ട്. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് വെവ്വേറെയാണ് മത്സരം.
മേളയുടെ ഭാഗമായി എന്റെ കൃഷിയിടം എന്ന വിഷയത്തില്‍ പ്രോജക്റ്റ് അവതരണവും ഉണ്ട്. കാര്‍ഷികമേഖലയില്‍ പ്രശംസനീയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചവരെ മേളയില്‍ ആദരിക്കും. കാര്‍ഷികരംഗത്ത് കുട്ടികളുടെ സംരംഭങ്ങളെ ശ്രദ്ധേയമായ രീതിയില്‍ എടുത്തുകാണിക്കാനാണ് 'എന്റെ കൃഷിയിടം' പദ്ധതി ഈ വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കുന്നത്. വീട്ടില്‍ തങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ നൂതനമായ കൃഷി മാതൃകകള്‍ അവതരിപ്പിക്കാന്‍ ഇതുവഴി കുട്ടിക്കര്‍ഷകര്‍ക്ക് അവസരം നല്‍കും. കൂടാതെ, കുട്ടികള്‍ക്ക് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട തങ്ങളുടെ കഴിവുകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള എക്‌സിബിഷനുകളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. വര്‍ക്കിങ് മോഡലുകള്‍, ഫോട്ടോകള്‍, പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ കലാവിരുന്നും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.
യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സബ് ജൂനിയര്‍ (യു പി); ജൂനിയര്‍ (ഹൈസ്‌കൂള്‍); സീനിയര്‍ (എച്ച് എസ് എസ് & വി എച്ച് എസ് ഇ) വിഭാഗക്കാര്‍ക്കായി കലാമത്സരങ്ങളും ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. കുട്ടികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്.
സബ്ജൂനിയര്‍ (യു പി), ജൂനിയര്‍ (ഹൈ സ്‌കൂള്‍); സീനിയര്‍ (ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും. നാടോടി ഗാനങ്ങള്‍ (സോളോയും ഗ്രൂപ്പും); നാടോടി നൃത്തം, ഏകാംഗനാടകം, ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ (അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ളവ); പ്രശ്‌നോത്തരി; ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. വ്യക്തിഗത ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത മത്സരങ്ങളില്‍ പങ്കെടുക്കാനാവും. രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നില്ല. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെയും അവര്‍ക്കൊപ്പം വരുന്ന അധ്യാപകരുടെയും യാത്ര താമസ ചിലവുകള്‍ സംഘാടകര്‍ വഹിക്കുന്നതാണ്.
പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമും, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പമുള്ള മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ 300 വാക്കില്‍ കവിയാത്ത പ്രസന്റേഷന്റെ സംക്ഷിപ്ത രൂപവും schoolagrifest@gmail.com എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി 2018 ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712722151, 9447014973, 9895375211.
കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് മേളയില്‍ ഉണ്ടാകും. കുട്ടികളുടെ ഇടയില്‍ കാര്‍ഷിക സംസ്‌കാരത്തെപ്പറ്റി വ്യക്തമായ അവബോധം ഉണര്‍ത്താന്‍ മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച കൃഷിമേളയിലൂടെ സിസ്സക്ക് കഴിഞ്ഞിട്ടുണ്ട്.
Share your comments