<
  1. News

കാർഷികോത്പന്ന കയറ്റുമതിയിൽ കേരളത്തിന് മുന്നേറ്റം

2020- 21ൽ സംസ്ഥാനത്ത് നിന്നും കയറ്റുമതി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങളുടെ തോത് ഉയർന്നതായാണ് റിപ്പോർട്ടുകൾ. ലോക മഹാമാരി ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും ഈ വലിയ നേട്ടം.

Anju M U
export
കാർഷികോത്പന്ന കയറ്റുമതിയിൽ കേരളത്തിന് മുന്നേറ്റം

കേരളത്തിന്റെ കാർഷികോത്പന്ന കയറ്റുമതി വർധിച്ചതായി കേന്ദ്ര സർക്കാർ. 2020- 21ൽ സംസ്ഥാനത്ത് നിന്നും കയറ്റുമതി ചെയ്യുന്ന കാർഷിക ഉത്പന്നങ്ങളുടെ തോത് ഉയർന്നതായാണ് റിപ്പോർട്ടുകൾ. 2018- 19 സാമ്പത്തിക വർഷത്തിൽ ഇത് 7,686.45 കോടി രൂപ ആയിരുന്നെങ്കിൽ, 2020- 21ൽ കാർഷികോത്പന്ന കയറ്റുമതി 7,956.26 കോടി രൂപയായി വർധിച്ചു.

അതേ സമയം, ഈ കാലയളവിലെ രാജ്യത്തിന്റെ മൊത്തം കാർഷികോത്പന്ന കയറ്റുമതി 2,10, 093 കോടി രൂപയായിരുന്നു. 2018- 19ൽ ഇത് 1,72,484 കോടി രൂപയുമായിരുന്നു. ലോക മഹാമാരി ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും ഈ വലിയ നേട്ടം.

2021 ഏപ്രിൽ-നവംബർ മാസക്കാലയളവിൽ കാർഷിക ഉത്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ യുഎസ് ഡോളാർ നിരക്കിൽ 13 ശതമാനത്തിലധികം വളർച്ചയുണ്ടായി.

കാര്‍ഷിക-സംസ്‌കൃത ഉല്‍പന്ന കയറ്റുമതി വികസന അതോറിറ്റി(എപിഇഡിഎ)യുടെ കണക്ക് പ്രകാരം, മാംസം, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ കയറ്റുമതി 2021-22ൽ ഈ എട്ട് മാസക്കാലയളവിൽ 12 ശതമാനം വർധിച്ച് 2665 മില്യൺ ഡോളറായി ഉയർന്നു.

2020-21ൽ ഇത് 2371 മില്യൺ ഡോളറായിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 ഏപ്രിൽ-നവംബർ മാസങ്ങളിൽ 1536 മില്യൺ ഡോളറാണ് കയറ്റുമതിയെങ്കിൽ, 2021-22 വർഷത്തിൽ ഏപ്രിൽ-നവംബർ കാലയളവിൽ 1720 മില്യൺ ഡോളറിലെത്തി.

2020-21 വർഷത്തിൽ 1127 മില്യൺ ഡോളർ ധാന്യങ്ങളുടെ കയറ്റുമതി നടത്തിയ രാജ്യം ഈ വർഷം എട്ട് മാസം കൊണ്ട് 26 ശതമാനം വർധിച്ച് 1418 മില്യൺ ഡോളർ നേടി. കേരളത്തിൽ നിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഏറ്റവുമധികം കശുവണ്ടി എത്തിക്കുന്നത്. ഇക്കഴിഞ്ഞ എട്ട് മാസങ്ങളിൽ കശുവണ്ടി കയറ്റുമതിയിലും രാജ്യം കുതിപ്പ് നടത്തി. അതായത്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ 29 ശതമാനം കയറ്റുമതി വർധനവ് രേഖപ്പെടുത്തിയതിനാൽ 302 മില്യൺ യുഎസ് ഡോളറിന്റെ കശുവണ്ടി ഉത്പന്നങ്ങളാണ് വിദേശത്ത് എത്തിച്ചിട്ടുള്ളത്.

എന്നാൽ മുൻവർഷത്തിൽ നിന്നും എണ്ണ കയറ്റുമതിയിൽ ഇന്ത്യ പിന്നോട്ട് പോയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 2021-22 ഏപ്രിൽ-നവംബർ മാസങ്ങളിൽ എണ്ണ ഉത്പന്നങ്ങളുടെ കയറ്റുമതി 12 ശതമാനം കുറഞ്ഞ് 626 മില്യൺ ഡോളറായി കുറഞ്ഞു.

അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയിലും ഇന്ത്യ വൻകുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിനെ മറികടന്നുകൊണ്ട് അറേബ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ കയറ്റുമതിക്കാരായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിലെ മുഖ്യവ്യാപാര പങ്കാളിയായ ബ്രസീൽ 15 വർഷമായി കരസ്ഥമാക്കിയിരുന്ന നേട്ടമാണ് ഇന്ത്യ പിന്നിലാക്കിയത്.

കൊവിഡ് കാലത്ത് ബ്രസീലിൽ നിന്ന് അറബ് രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം ചെയ്യുന്നതിനായി കാലതാമസമെടുത്തിരുന്നത് വ്യാപാരത്തെ സാരമായി ബാധിച്ചു. ഇത് തന്നെയാണ് ബ്രസീൽ പിന്നിലാകാൻ കാരണമായതും. ഇതുകൂടാതെ, തങ്ങളുടെ ഭക്ഷ്യകയറ്റുമതി വര്‍ധിപ്പിക്കുന്നതിന് മഹാമാരിയുടെ കാലത്ത് ചൈന നടത്തിയ നീക്കങ്ങളും ബ്രസീലിന് തിരിച്ചടിയായി.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെയും, സംസ്കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതിയ്ക്ക് ഊന്നൽ നൽകുന്നതിനായി നിരവധി പദ്ധതികളും സംരഭങ്ങളുമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

കാർഷിക കയറ്റുമതി നയം നടപ്പിലാക്കുന്നതിനായി APEDAയും സംസ്ഥാന സർക്കാരും സംയുക്തമായി ധാരാളം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, നാഗാലാൻഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മണിപ്പൂർ, സിക്കിം, ഉത്തരാഖണ്ഡ്, മധ്യ പ്രദേശ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനഘങ്ങളിൽ കയറ്റുമതിക്കായി കർമ പദ്ധതിക്ക് രൂപം നൽകി. മറ്റ് സംസ്ഥാനങ്ങളിലും ഇവ കൊണ്ടുവരുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

English Summary: Kerala shows a hike in agri- products exportation

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds