<
  1. News

കേരളഗ്രോ ബ്രാൻഡഡ് ഷോപ് ഇനി മുതൽ കൊല്ലത്തും... കൂടുതൽ കാർഷിക വാർത്തകൾ

കൊല്ലം ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച കേരളഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ ഉദ്ഘാടനം കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് നിർവഹിച്ചു, കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌ക്കാരങ്ങൾക്ക് ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 15, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച ഹൈസ്‌കൂൾ ജംഗ്ഷനിലെ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ ഉദ്ഘാടനം കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് നിർവഹിച്ചു. കർഷകർ, കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഫാമുകൾ, എഫ്.പി.ഒകൾ എന്നിവരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ചെറുധാന്യ ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരളഗ്രോ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കുപരി അവയുടെ മൂല്യവർധിത ഉത്പന്നങ്ങളും ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കേരളഗ്രോ' എന്ന പേരിൽ ബ്രാൻഡിങ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ചടങ്ങിന് ശ്രീ. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപന നടത്തി. ഉളിയക്കോവിൽ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രബാബു, കൃഷി ഡയറക്ടർ ഡോ. അദീല അബ്ദുള്ള, കളക്ടർ എൻ.ദേവിദാസ്, കേരള ബാങ്ക് ഡയറക്ടർ ജി.ലാലു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.രാജേഷ്‌കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

2. കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌ക്കാരങ്ങൾക്ക് ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ സംഭക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്‌ചവെക്കുന്ന ജൈവവൈവിധ്യ പരിപാലന സമിതി (BMC) കളെയും, കാവ് സംരക്ഷകരെയും, വ്യക്തികളെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് "സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരം" (State Biodiversity Conservation Award). അപേക്ഷകൾ / നാമനിർദേശങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നവംബർ 15 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും.

3. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ അഞ്ച് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെയും എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ചയുമാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടിതും തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഈ മാസം 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary: Keralagro branded shop opened in Kollam... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds