ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ 'ഫുഡ് ഹബ്ബ്'. കോഴിക്കോട് ബീച്ചില്‍ ഒരുങ്ങുന്നു. സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഭക്ഷ്യസുരക്ഷാ വകുപ്പും കോഴിക്കോട് കോര്‍പ്പറേഷനും തുറമുഖ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് കോഴിക്കോട് ഒരുങ്ങുന്നത്. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ആരോഗ്യം, ശുചിത്വം എന്നിവയും പദ്ധതിൽ ഉറപ്പാക്കും. ആരോഗ്യ കാര്യത്തിൽ കരുതലുകളെടുക്കുന്നവർക്കും ധൈര്യപൂർവ്വം ഇവിടുന്നു ഭക്ഷണം കഴിക്കാം. ചെന്നൈയിലെ മറീന ബീച്ചിന്‍റെ മാതൃകയിലാണ് ഇത് തുടങ്ങുക.
കോഴിക്കോട് ബീച്ചിന്റെ പല ഭാഗങ്ങളിലായി കച്ചവടം നടത്തിയിരുന്ന ആളുകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. നിലവിൽ ബീച്ചിലെ 90 ഓളം കച്ചവടക്കാരെ ഇതിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ എതിർവശത്തെ ബീച്ചിന്റെ മൺതിട്ടയിലാണ് സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. മൂന്നു വരികളിലായി തട്ടുകടകൾ ഒരുക്കും
ചായയും പലഹാരങ്ങളും വിൽക്കുന്നവരും ഐസ്ക്രീം വില്പനക്കാരുംഫാൻസി കച്ചവടക്കാരും അടക്കം 90 ഉന്തുവണ്ടി തൊഴിലാളികളാണ് ഇവിടെയുള്ളത്. തട്ടുകടകള്‍ എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ ലൈസൻസ് ഉണ്ടായിരിക്കണം. ഭക്ഷണത്തിൽ മായം കലർത്താൻ പാടില്ല. ശുദ്ധവും ഗുണനിലവാരമുള്ളതുമായിരിക്കണം, ഭക്ഷണം അടച്ചുറപ്പുള്ള പാത്രങ്ങളിൽ സൂക്ഷിക്കണം, കൈകൊണ്ട് എടുത്തു കൊടുക്കരുത്,കൃത്രിമ രുചി നിറം എന്നിവ കലർത്തുവാൻ പാടില്ല,തുടങ്ങിയ നിബന്ധനകളും ഇവിടെയുണ്ട്. ഇത് കൂടാതെ, കച്ചവടക്കാരുടെ നിലവിലെ ഉപയോഗ ശൂന്യമായ ഉന്തുവണ്ടികൾ മാറ്റി പുതിയത് നല്കുവാനും വൈദ്യുതി കണക്ഷനും കുടിവെള്ളവും നല്കുവാനും ധാരണയുണ്ട്.
ചിത്രം കടപ്പാട് : മാതൃഭൂമി
Share your comments