കേരളത്തിൽ ആകെ വായ്പയുടെ 22% മാത്രമാണ് കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകിയിട്ടുള്ളത് കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് വഴിമാത്രമാക്കാൻ കേന്ദ്രം നടപടികൾ തുടരുമ്പോഴാണിത്. സംസ്ഥാനത്തെ 80,803 കോടി രൂപ കൃഷിവായ്പയിൽ 17,530 കോടി മാത്രമാണു കിസാൻ ക്രെഡിറ്റിലുള്ളത്.കേരളത്തിന്റെ കൃഷിപശ്ചാത്തലത്തിനു ചേരാത്ത ചില മാനദണ്ഡങ്ങളാണു കിസാൻ ക്രെഡിറ്റിന്റെ സ്വീകാര്യത കുറയാൻ കാരണം.ഈടില്ലാതെ അനുവദിക്കാനാകുന്ന പരമാവധി തുക 1.6 ലക്ഷം രൂപ മാത്രമാണ്. ഭൂപരിധി നോക്കിയാണു വായ്പയെന്നതിനാൽ ചെറുകിടക്കാർക്കു കുറഞ്ഞ തുകയേ ലഭിക്കൂ.കേരളത്തിൽ വ്യാപകമായ പാട്ടക്കൃഷിക്കാർക്കു വായ്പ നൽകാനാകില്ലെന്നതാണു മറ്റൊരു പ്രധാന പ്രശ്നം.കേരളത്തിലെ പാട്ടക്കൃഷി റജിസ്റ്റർ ചെയ്യാത്തതാണ് ഇതിനു കാരണമായി ബാങ്കുകൾ പറയുന്നത്.
അതേസമയം, ഈ വർഷം പല ഇളവുകൾ അനുവദിച്ചും കൃഷി അനുബന്ധ മേഖലകളിലേക്കു വ്യാപിപ്പിച്ചും കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മേഖലകളെക്കൂടി ഉൾപ്പെടുത്തി.മുഴുവൻ കർഷകർക്കും കിസാൻ ക്രെഡിറ്റ് ഉറപ്പാക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി പ്രത്യേക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും മേളകൾ നടത്തും.
എന്നാൽ കൃഷിക്കാർക്കു ലഭിക്കേണ്ട സ്വർണപ്പണയ വായ്പ നിർത്തലാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതു സംബന്ധിച്ചു കേന്ദ്രം ഉത്തരവിറക്കിയതായി അറിയില്ലെന്നും മന്ത്രി വി.എസ്.സുനിൽകുമാർ.കൃഷിക്കാരെ സഹായിക്കുന്നതിനുള്ള നിർദേശങ്ങൾ മാത്രമാണു സംസ്ഥാനം മുന്നോട്ടു വച്ചത്. സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ടു ബാങ്കുകളിൽ വലിയ തോതിൽ തിരിമറിയും ക്രമക്കേടുകളും നടക്കുന്നുണ്ട്. കൃഷിക്കാർക്കു ലഭിക്കേണ്ട കുറഞ്ഞ പലിശയ്ക്കുള്ള സ്വർണപ്പണയ വായ്പ അനർഹർ കൈപ്പറ്റുന്നു.കൃഷിക്കാർ കാർഷികേതര വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ തള്ളിക്കളയുന്ന ബാങ്കുകൾ കൃഷിക്കാരല്ലാത്തവർക്കു കൃഷിവായ്പ ഉടൻ അനുവദിക്കുന്നു. മൊത്തം വായ്പയുടെ 18% കൃഷിക്കാർക്കു നൽകണമെന്ന വ്യവസ്ഥയാണ് അട്ടിമറിക്കുന്നത്. കൃഷിവായ്പയുടെ 60% സ്വർണപ്പണയമാണ്. ഇതുവഴി യഥാർഥ കൃഷിക്കാർക്കു ലഭിക്കേണ്ട ആനുകൂല്യമാണു നഷ്ടപ്പെടുന്നത്.
Share your comments