അധികമാർക്കും അറിയാത്ത കേന്ദ്ര പദ്ധതിയാണ് മിഷൻ വൻ ധൻ. ഇന്ത്യയിലെ ആദിവാസി ജനവിഭാഗത്തിന് സുസ്ഥിരമായ ഉപജീവനമാർഗം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ട്രൈബൽ കോ. ഓപ്പറേറ്റീവ് മാർക്കറ്റിങ് ഡവലപ്പ്മെന്റ് ഫെഡറേഷന് (ട്രൈഫെഡ്) കീഴിലാണ് പദ്ധതി ആരംഭിച്ചത്. ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത ഉത്പന്നങ്ങളും വനവിഭവങ്ങൾക്കും മികച്ച വില ഉറപ്പാക്കാനാണ് ട്രൈഫെഡ് ആരംഭിച്ചത്. രാജ്യത്ത്140 ഔട്ട്ലെറ്റുകളിലൂടെ പ്രതിവർഷം ഏകദേശം 91 കോടിയുടെ വിറ്റുവരവുണ്ട്. കാട്ടുതേൻ, കറുവയില, കിരിയാത്ത് തുടങ്ങിയവയാണ് കേരളത്തിൽ നിന്ന് ട്രൈഫെഡ് വഴി വിപണയിലെത്തിക്കുന്നത്. 2 വർഷത്തിനിടെ 821.48 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ ഗോത്ര വിഭാഗങ്ങളിൽ നിന്ന് ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ തെരഞ്ഞടുക്കും. ഇവരുടെ നേതൃത്വത്തിലാണ് മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നത്. വനംവകുപ്പിന്റെ പ്രത്യേക ഔട്ട്ലെറ്റുകൾ, ചെക്ക് പോസ്റ്റുകൾ, എക്കോ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്ന് ലഭിക്കുന്ന വിലയോടൊപ്പം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായധനവും ഇവർക്ക് ലഭിക്കും. വനവിഭാഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ, പരമ്പരാഗത തുണിത്തരങ്ങൾ എന്നിവ ട്രൈബ്സ് ഇന്ത്യ എന്ന ബ്രാൻഡിന് കീഴിലാണ് വിപണിയിലെത്തിക്കുന്നത്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഉൽപന്നങ്ങൾ ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്താകെ 3.7 ലക്ഷം പേരാണ് നിലവിൽ പദ്ധതിയിലുള്ളത്. കേരളത്തിൽ വയനാട്ടിലാണ് വൻധൻ വികാസ് കേന്ദ്രയുള്ളത്. ഒഡീഷയിലാണ് ഏറ്റവും കൂടുതൽ സംഘങ്ങളുള്ളത്.
Share your comments