കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം തുടങ്ങി. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 4-ന് ആരംഭിക്കും. ബാധിതപ്രദേശത്തെ താമസക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോട്ടയം കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് യൂണിറ്റിലെ അംഗങ്ങള്‍ ജൂണ്‍ നാലു മുതല്‍ ഓരോ സ്ഥലവും സന്ദര്‍ശിക്കും. യൂണിറ്റിലെ അംഗങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ വിവരങ്ങള്‍ കൃത്യമായി നല്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൊച്ചി മെട്രോയുടെ ഫേസ്-1 ബി പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള 11.2 കിലോമീറ്റര്‍ ദൂരത്തിലുള്ള മെട്രോ നിര്‍മാണം. പദ്ധതിക്കായി ഇടപ്പള്ളി വില്ലേജില്‍ നിന്നും വ്യത്യസ്ത 13 സര്‍വേ നമ്പറുകളില്‍ നിന്നായി 0.8940 ഹെക്ടര്‍ സ്ഥലം, വാഴക്കാല വില്ലേജ് ബ്‌ളോക്ക് -8-ല്‍ വ്യത്യസ്ത 17 സര്‍വേ നമ്പരുകളില്‍ നിന്നായി 0.3469 ഹെക്ടര്‍ സ്ഥലം, ബ്‌ളോക്ക് നമ്പര്‍ 9-ല്‍ 16 സര്‍വേ നമ്പറുകളില്‍ നിന്ന് 0.6796 ഹെക്ടര്‍ സ്ഥലം, കാക്കനാട് വില്ലേജ് ബ്‌ളോക്ക് -9 -ല്‍ വ്യത്യസ്ത ഒമ്പത് സര്‍വേ നമ്പറുകളില്‍ നിന്ന് 0.9398 ഹെക്ടര്‍ സ്ഥലം എന്നിങ്ങനെ ആകെ 2.8603 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് പിയര്‍ ലൊക്കേഷനു വേണ്ടിയുള്ള അധിക സ്ഥലമെടുപ്പിനായി പൂണിത്തുറ വില്ലേജില്‍ രണ്ട് സര്‍വേ നമ്പറുകളില്‍ നിന്നായി 0.0167 ഹെക്ടര്‍ സ്ഥലവും ഏറ്റെടുക്കണം.ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 2013 പ്രകാരമുള്ള സ്ഥലമെടുപ്പ് നടപടികളുടെ പ്രാരംഭനടപടിയാണ് സാമൂഹ്യ പ്രത്യാഘാത പഠനം. 2018 മെയ് 19-ലെ ഉത്തരവ് പ്രകാരമാണ് കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസിനെ പഠനത്തിനായി ചുമതലപ്പെടുത്തിയത്.
Share your comments