അന്യമാവുന്ന അപൂര്‍വ സസ്യങ്ങളുടെ കലവറയൊരുക്കി തങ്ങള്‍ നട്ടുനനച്ച ജൈവവൈവിധ്യ പാര്‍ക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോട്ടൂര്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ ഈ പാര്‍ക്ക് 2007-08 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത് ആരംഭിച്ചത് മുതല്‍ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുന്നത് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ്. വിവിധയിനം ചിത്രശലഭങ്ങളാലും പക്ഷിയിനങ്ങളുടെ വൈവിധ്യത്താലും സമ്പന്നമാണ് കോട്ടുര്‍ ജൈവവൈവിധ്യ പാര്‍ക്ക്. ശ്രീകണ്ഠാപുരം ബസ്‌സ്റ്റാന്റില്‍ നിന്നും മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാര്‍ക്കിലെത്താം. 
പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ നുകരാന്‍ പുസ്തകങ്ങള്‍ക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിയ ഈ വിദ്യാര്‍ഥികള്‍ പഠനത്തിന്റെ പുതിയ മാതൃകയാണ് സൃഷ്ടിക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, അതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുന്നതിലും ഇവര്‍ ശ്രദ്ധയൂന്നുന്നു. ഇവിടുത്തെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പാദസ്പര്‍ശവും കരപരിലാളനയുമേല്‍ക്കാത്ത സ്ഥലങ്ങള്‍ നാല് ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ ഇല്ലെന്നു തന്നെ പറയാം. 
വ്യത്യസ്തങ്ങളായ 500 തരം സസ്യങ്ങളും, 91 തരം ചിത്രശലഭങ്ങളും, 54 പക്ഷിവര്‍ഗങ്ങളുമാണ് പാര്‍ക്കിലുള്ളത്. ചെടികളെ തിരിച്ചറിയുന്നതിനായി ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേര്, ശാസ്ത്രനാമം, കുടുംബം എന്നിവ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് ഹെര്‍ബല്‍ നഴ്‌സറി,  വയനാട്ടിലെ ഡോ. എ എം എസ് സ്വാമിനാഥന്‍ അഗ്രോ ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് സെന്റര്‍, ഉറവ് ബാംബൂ നഴ്‌സറി, പെരിയ റിസര്‍വ് ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സസ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പാര്‍ക്കിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ പോക്കറ്റ് ഫീല്‍ഡ് ഗൈഡ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രകാശനം കഴിഞ്ഞ ജൂലൈ ആറിന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജുവാണ് നിര്‍വഹിച്ചത്. കൂടാതെ 80 ചെടികളുടെ ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിയ 'ഒാരില' എന്ന റഫറന്‍സ് ഗൈഡും ജൈവവൈവിധ്യ പാര്‍ക്കിനെക്കുറിച്ചുള്ള 'പൂവാംകുരുന്നില' എന്ന ഡോക്യുമെന്ററിയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
സമഗ്രമായ ജൈവവൈവിധ്യം സ്വാഭാവികമായി വളര്‍ന്നുവരാന്‍ ആവശ്യമായ അന്തരീക്ഷമൊരുക്കുക, ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അപൂര്‍വ്വയിനം സസ്യങ്ങള്‍ കണ്ടെത്തി നട്ടുപിടിപ്പിക്കുക, പ്രൈമറി തലം മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പാര്‍ക്കിലെ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കുക, പ്രത്യേകയിനം സസ്യങ്ങള്‍ വളര്‍ത്തുന്നതിലൂടെ അവയെ ആശ്രയിക്കുന്ന ജീവികളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിദ്യാര്‍ഥികള്‍ നിറവേറ്റുന്നത്. 
 നഗരസഭയില്‍ നിന്നും ജൈവവൈവിധ്യ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തിലാണ് പാര്‍ക്കിലെ പ്രവര്‍ത്തങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. അധ്യാപകരുടെ പിന്തുണയോടെ കുട്ടികള്‍ നടത്തുന്ന ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.  2009 ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിത വിദ്യാലയം പുരസ്‌കാരം, 2010-11 വര്‍ഷത്തെ വനം-വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, 2015 ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവവൈവിധ്യ ക്ലബിനുള്ള പുരസ്‌കാരം എന്നിവ അവയില്‍ ചിലതാണ്. 2018 ലെ വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് സ്‌കൂളിലെ അധ്യാപകനും എന്‍.എസ്.എസ് യൂനിറ്റ് സ്‌പെഷ്യല്‍ ഓഫീസറുമായ ടി.എം. രാജേന്ദ്രന്‍ അര്‍ഹനായിരുന്നു.
source: http://prd.kerala.gov.in/ml/node/20537
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments