മുഹമ്മ: പുസ്തക താളുകളിലെ കൃഷിയറിവുകൾ മണ്ണിൽ പ്രാവർത്തികമാക്കിയപ്പോൾ പൊന്നണിഞ്ഞത് കാബേജും തക്കാളിയും വഴുതനയും വെണ്ടയും പടവലവും പച്ചമുളകും ചീരയും ക്വാളി ഫ്ലവറും. മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ കുരുന്നുകളുടെയും അദ്ധ്യാപകരുടേയും ഇടവേളകളിലെ ശ്രമമാണ് സ്കൂളിലെ മുപ്പതു സെന്റിൽ'ഹരിതസമൃദ്ധിയുടെ നിറകണിയൊരുക്കിയത്. പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും നിരാശരാകാതെ വീണ്ടും വിത്തുപാകിയും തൈ നട്ടുമാണ് നൂറുമേനിയുടെ വിളവ് ഇവർ കൊയ്യുന്നത്.
പ്രളയത്തിൽപ്പെട്ട് നശിച്ചുപോയ പച്ചക്കറികൾ കണ്ട് നിരാശപ്പെടാതെ രണ്ടാം ക്ലാസ് എ,സി ഡിവിഷനിലെ കുട്ടികളാണ് രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കൃഷി തുടങ്ങാൻ പണം തടസമായപ്പോൾ സ്ക്കൂളിനെ സ്നേഹിക്കുന്നവർ മുൻകൂറായി പണം നൽകി സഹായിച്ചു. വിളവെടുപ്പിന്റെ ഒരു പങ്ക് നൽകാമെന്ന കരാറിലായിരുന്നു ഈ കൈത്താങ്ങ് .തൈ നടാനുള്ള ഗ്രോ ബാഗ് സൗജന്യമായി നൽകിയും കുരുന്നുകളുടെ ഈ ഉദ്യമത്തിന് പിന്തുണയേകി.
രക്ഷാകർത്താക്കളായ കഞ്ഞിക്കുഴിയിലെ മികച്ച കർഷകർ ശുഭകേശൻ ,സെബാസ്റ്റ്യൻ ,എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ നടേശും മറ്റു കൃഷി ഉദ്യോഗസ്ഥരും പ്രധാന അധ്യാപിക ജോളി തോമസും പി ടി എ ഭാരവാഹികളും ഉപദേശ നിർദേശങ്ങളും നൽകി ഇത്തരത്തിൽ വലിയൊരു കൂട്ടായ്മയിലൂടെയാണ് പ്രളയാനന്തര കൃഷിയിലെ വീണ്ടെടുപ്പ്.
സ്ക്കൂൾ ഉച്ചഭക്ഷണ ആവശ്യത്തിനായി കുട്ടികൾ വിളിയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത് .മിച്ചം വരുന്നവ രക്ഷാകർത്താക്കൾക്കും മറ്റുമായി ന്യായ വിലയ്ക്ക് നൽകും. കൃഷിയിലെ മികവിന് അവാർഡുകളും ലഭിച്ചു തുടങ്ങി .സി എസ് ഐ മധ്യകേരളാ മഹായിടവകയുടെ ഹരിത വിദ്യാലയം പുരസ്ക്കാരം ഹരിത മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി എൻ സീമയിൽ നിന്ന് ഏറ്റുവാങ്ങി.
300 ചുവട് കാബേജിന്റെ വിളവെടുപ്പ് സിനിമാ താരവും കർഷകനുമായ അനൂപ് ചന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ പി സുധീർ അദ്ധ്യക്ഷനായി. എസ് എൽ പുരം സഹകരണ ബാങ്ക് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, പ്രധാനാദ്ധ്യാപിക ജോളി തോമസ്, കർഷകൻ ശുഭകേശൻ തുടങ്ങിയർ സംസാരിച്ചു.
English Summary: krishi at Alappuzha Muhama School
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments