കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും വകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്ന 'കൃഷി ദർശൻ' പ്രാദേശിക കാർഷിക വിലയിരുത്തലിന് ഇന്ന് പിണറായി കൺവെൻഷൻ സെൻററിൽ തുടക്കമാവും. സംസ്ഥാനത്തെ രണ്ടാമത്തെ കൃഷിദർശൻ പരിപാടിയാണിത്. നവംബർ 26 വരെ നടക്കുന്ന കൃഷിദർശനിൽ കാർഷിക പ്രദർശനം, കൃഷിയിട സന്ദർശനം, കൃഷിക്കൂട്ട സംഗമം, കർഷക അദാലത്ത്, കാർഷിക സെമിനാർ, കർഷക ഗൃഹസന്ദർശനം തുടങ്ങിയവ നടക്കും.
കാർഷിക പ്രദർശനം: മൂല്യ വർധിത മേഖലയിലെ സംരംഭകത്വങ്ങൾ, കേന്ദ്ര സംസ്ഥാന സർക്കാർ ഗവേഷണ കേന്ദ്രങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ, കാർഷിക യന്ത്രവത്ക്കരണ രംഗത്തെ നൂതന ആശയങ്ങൾ എന്നിവ ദൃശ്യമാക്കുന്ന അമ്പതോളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി നവംബർ 22 മുതൽ 26 വരെ പിണറായി കൺവെൻഷൻ സെൻററിൽ നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിക്കും. ആദ്യ ദിവസം രാവിലെ പൊതുവേദിയിൽ 'നാളികേര കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളും' എന്ന വിഷയത്തിൽ സെമിനാർ ഉണ്ടാകും.
കൃഷിയിട സന്ദർശനം: കൃഷിദർശന്റെ ഭാഗമായുള്ള കൃഷിയിട സന്ദർശനം 23ന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളായാണ് സന്ദർശനം. ആദ്യഘട്ടത്തിൽ കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ പര്യവേക്ഷണ വകുപ്പ്, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, വിദ്യാർഥികൾ എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ബ്ലോക്കിലെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ സന്ദർശിക്കും. സന്ദർശന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടമായി 25ന് രാവിലെ എട്ടു മണി മുതൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ. കാർഷിക ശാസ്ത്രജ്ഞർ, കാർഷിക വിദ്യാർഥികൾ എന്നിവരും സംഘത്തിനൊപ്പമുണ്ടാവും.
കർഷക ഗൃഹ സന്ദർശനം: ബ്ലോക്കിലെ ഒരു കർഷക ഗൃഹം കേന്ദ്രീകരിച്ച് നടത്തുന്ന ഭവന കൂട്ടായ്മയിൽ കൃഷി മന്ത്രി പങ്കെടുക്കും. 25ന് വൈകീട്ട് അഞ്ച് മണി മുതലാണ് ഭവന കൂട്ടായ്മ. സാംസ്‌കാരിക പരിപാടികളും കർഷകരും കാർഷിക വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
കാർഷിക അദാലത്ത്: കൃഷി മന്ത്രി നേരിട്ട് തലശ്ശേരി ബ്ലോക്കിലെ കർഷകരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാര മാർഗങ്ങൾ കൈക്കൊള്ളുന്ന കാർഷിക അദാലത്ത് നവംബർ 26 രാവിലെ 10 മണി മുതലാണ്.
കൃഷിക്കൂട്ട സംഗമം: 26ന് കൃഷിദർശന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ ഘോഷയാത്രയും കൃഷിക്കൂട്ട സംഗമവും നടത്തും. 26ന് വൈകിട്ട് മൂന്നിന് കമ്പൗണ്ടർ ഷോപ്പ് പിണറായി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കൺവെൻഷൻ സെന്ററിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണൂർ വിമാനത്താവളത്തിനടുത്ത് അന്താരാഷ്ട്ര യോഗാ കേന്ദ്രം ആരംഭിക്കും
Share your comments