നവംബർ 21- ലോക മത്സ്യബന്ധന ദിനത്തിൽ ‘ഉള്‍നാടന്‍ മത്സ്യകൃഷിയും പരിപാലനവും’ എന്ന വിഷയത്തിൽ രാവിലെ 11 മണി മുതൽ കൃഷി ജാഗരൺ സംഘടിപ്പിച്ച വെബിനാറിൽ കൊൽക്കത്തയിലെ കോർണൽ യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി മെഡിസിൻ പ്രൊഫസർ ഡോ. പാർത്ഥ പ്രതിം ബിശ്വാസ്, പശ്ചിമ ബംഗാളിന്റെ ഫിഷറീസ് വകുപ്പിലുള്ള ഹാൽദിയ ഡെവലപ്മെന്റ് ബ്ലോക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സുമൻ കുമാർ സാഹു, കേരളത്തിൽ നിന്നുള്ള ബയോഫ്ലോക് മത്സ്യകൃഷി കൺസൾട്ടന്റ് ജയ്ശങ്കർ തുടങ്ങി നിരവധി പേർ സംവദിച്ചു.
കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്ററുമായ എം.സി ഡൊമിനിക് വെബിനാറിന് നേതൃത്വം നൽകി.
ഉൾനാടൻ മത്സ്യങ്ങളുടെ വില ഇടിയുന്നു....
ഉയര്‍ന്ന ഗുണനിലവാരവും രുചിയുമുളള മത്സ്യങ്ങളെ വളർത്തുന്നതിന് ബയോഫ്ലോക് മത്സ്യകൃഷി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ജയ്ശങ്കർ പറഞ്ഞു.
‘മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ ബയോഫ്ലോക് മത്സ്യകൃഷി സഹായിച്ചു. ഇതിന് ആവശ്യമായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇത്തരം മത്സ്യങ്ങളുടെ ആവശ്യം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
തിലാപ്പിയ മത്സ്യത്തിന്റെ വിലയും ഗണ്യമായി കുറഞ്ഞു,’ കേരളത്തിലെ മത്സ്യബന്ധനകൃഷിയെയും നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും കുറിച്ച് ജയ്ശങ്കർ കൃഷി ജാഗരണുമായി പങ്കുവച്ചു.
മഴവെള്ള സംഭരണത്തിൽ തുടങ്ങി മത്സ്യകൃഷിയിലൂടെ മികച്ച നേട്ടം….
മഴവെള്ള സംഭരണത്തിനായി തുടങ്ങിയ ഒരു കുളത്തിൽ പിന്നീട് മത്സ്യ കൃഷി ഉൾപ്പെടുത്തിയതും അത് തനിക്ക് എത്രമാത്രം ആദായം നൽകിയെന്നും ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള പുരോഗമന കർഷകനായ സുധീർ റാത്തോഡ് പറഞ്ഞു.
‘മഴവെള്ള സംഭരണം എന്ന ഉദ്ദേശത്തോടെ ഞാൻ എന്റെ കൃഷിയിടത്തിൽ ഒരു കുളം നിർമിച്ചു. ഈ കുളം എന്തുകൊണ്ട് പരമാവധി പ്രയോജനപ്പെടുത്തിക്കൂടാ എന്ന ചിന്തയിൽ മത്സ്യകൃഷി ആരംഭിച്ചു.
രോഹു, നൈനി തുടങ്ങി വൈവിധ്യ ഇനത്തിലുള്ള മത്സ്യങ്ങളെ ഞാൻ വളർത്തുന്നു. മത്സ്യങ്ങളെ വളർത്തുന്ന യൂറിയ ധാരാളം അടങ്ങിയിട്ടുള്ള ഈ കുളത്തിലെ വെള്ളമാണ് ഞാൻ മറ്റ് കൃഷികൾക്കുള്ള ജലസേചനത്തിനായി ഉപയോഗിക്കുന്നത്,’ സുധീർ റാത്തോഡ് പറഞ്ഞു.
കൊവിഡ് മത്സ്യബന്ധന വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്നും മത്സ്യങ്ങൾക്ക് വേണ്ടിയുള്ള വാക്സിനെ കുറിച്ചും പശ്ചിമ ബംഗാളിലെ കോർണൽ യൂണിവേഴ്സിറ്റി ഓഫ് വെറ്ററിനറി മെഡിസിൻ പ്രൊഫസർ ഡോ. പാർത്ഥ പ്രതിം ബിശ്വാസ് സംസാരിച്ചു.
വംശനാശം നേരിടുന്ന മത്സ്യങ്ങളെ കൃഷി ചെയ്ത് ആദായം നേടാം...
വിവിധ തരത്തിലുള്ള അക്വാകൾച്ചർ സാങ്കേതികത വിദ്യകളെ കുറിച്ച് വിശദീകരിച്ച ഹാൽദിയ ഡെവലപ്മെന്റ് ബ്ലോക്ക് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സുമൻ കുമാർ സാഹു, ഇന്ത്യയിൽ വംശനാശം നേരിടുന്ന മത്സ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ചയിൽ പ്രതിപാദിച്ചു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മത്സ്യ ഇനങ്ങളെ വളർത്തുന്നത് ആവാസവ്യവസ്ഥക്ക് മാത്രമല്ല ഗുണകരമാകുക, മറിച്ച് അത് കർഷകന് വലിയ ആദായമുണ്ടാക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാർഷിക സർവകലാശാലകളിൽ നിന്നുള്ള നിരവധി വിദ്യാർഥികളും കൃഷി ജാഗരൺ വെബിനാറിൽ ഭാഗമാവുകയും ആശയങ്ങൾ പങ്കുവക്കുകയും ചെയ്തു.
Share your comments