1. സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കൃഷി കര്‍മ്മ പദ്ധതിയായ കൃഷി സമൃദ്ധിക്ക് നാളെ തുടക്കം. പ്രാഥമിക കാര്‍ഷിക മേഖലയെ ശാക്തീകരിക്കുന്നതിനൊപ്പം ദ്വിതീയ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കുക, കര്‍ഷകരുടെ വരുമാന വര്‍ധനവ് ഉറപ്പാക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. നാളെ വൈകുന്നേരം 3.30-ന് പാലക്കാട് തൃത്താല വി.കെ.കടവ് ലുസൈൽ പാലസിനു സമീപം കൃഷിമന്ത്രി ശ്രീ. പി.പ്രസാദ് സംസ്ഥാനതല ഉദ്ഘാടനകർമം നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ് ചടങ്ങിന് അധ്യക്ഷത വഹിക്കും. കാർഷികപ്രാധാന്യമുള്ള തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മൂന്നുഘട്ടമായാണ് കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തിൽ 107 തദ്ദേശസ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
2. തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽ വച്ച് ഫെബ്രുവരി 1 -ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ജൈവവളം, ജൈവ കീടനാശിനി, ബയോകൺട്രോൾ ഏജന്റുകൾ എന്നിവയുടെ നിർമാണവും ഉപയോഗവും എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള കാർഷിക സർവകലാശാലയുടെ സർട്ടിഫിക്കറ്റ് നൽക്കുന്നതായിരിക്കും. 500 രൂപയാണ് ഒരു ദിവസത്തെ പരിശീലന ഫീസ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 88915 40778 എന്ന ഫോൺ നമ്പറിൽ പ്രവൃത്തി സമയത്ത് വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യുക.
3. സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കിഴക്കൻ കാറ്റിന്റെ ശക്തിപ്പെടൽ മൂലം തെക്കൻ കേരളത്തിലാണ് ഇന്ന് മഴ സാധ്യത നിലനിൽക്കുന്നത്. അതേസമയം വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. അടുത്ത ഒരാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഫെബ്രുവരി രണ്ടാം വാരം മുതൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യത.
Share your comments