കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദര്‍ശന്‍' എന്ന് റവന്യൂമന്ത്രി കെ രാജന്‍. കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കാര്‍ഷിക ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകരോട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയാണ്.
കേവലമായ അദാലത്ത് കൊണ്ട് അവസാനിപ്പിക്കുകയല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് തൊട്ടറിയാന്‍ കര്‍ഷകര്‍ക്കിടയിലേയ്ക്ക് ഇറങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷിദര്‍ശന്‍ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കില്‍ തുടക്കം കുറിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍മാര്‍ ഒല്ലൂക്കര കേന്ദ്രീകരിച്ച് ബ്ലോക്കിന്റെ അടുത്ത നാല് വര്‍ഷത്തേയ്ക്കുള്ള 'വിഷന്‍ ഒല്ലൂക്കര 2026' അവതരിപ്പിക്കും. കര്‍ഷകരോട് സംവദിച്ചും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കിയുമാണ് 'വിഷന്‍ ഒല്ലൂക്കര 2026' അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലാകും കൃഷിദര്‍ശന്‍ പരിപാടിയെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലത്തേയ്ക്കുള്ള സമീപനം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതായിരിക്കും വെറ്റിനറി കോളേജിന്റെ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളായി മാറ്റാന്‍ വീടുകളില്‍ തന്നെ സൗകര്യം ഒരുക്കല്‍ തുടങ്ങി എങ്ങനെ നമ്മുടെ കൃഷി രീതികളെ മാറ്റാം എന്നത് സംബന്ധിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ കൂടി കൃഷിദര്‍ശന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിലും കര്‍ഷകന് സുസ്ഥിരമായൊരു ജീവിതം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാര്‍ഷിക പ്ലാനുകളാണ് ഈ കാലത്ത് അനിവാര്യം. വിള അധിഷ്ഠിത കൃഷിയില്‍ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാര്‍ഷിക പ്ലാനാണ് തയ്യാറാക്കുന്നത്. ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകള്‍ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങള്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കൂടി മറികടക്കാനുള്ള കാര്‍ഷിക പ്ലാനാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന നാടായി കേരളം മാറികഴിഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം വിള അധിഷ്ഠിത കൃഷിയില്‍ നിന്ന് ഫാം പ്ലാന്‍ കൃഷിയിലേയ്ക്ക് കര്‍ഷകര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമാകുന്നതിന് ഒപ്പം തന്നെ ഭക്ഷ്യയോഗ്യമായത് കഴിക്കാനായി സാധ്യമാകുന്നിടത്തെല്ലാം കൃഷി ആരംഭിച്ച് എല്ലാവരും കൃഷിയിടങ്ങളിലേയ്ക്ക് പോവുക എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സംസ്ഥാനത്ത് കൃഷിക്കൂട്ടങ്ങള്‍ ആരംഭിച്ചത്. അയല്‍ക്കൂട്ടങ്ങളെ പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് ഇതുവരെ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെ കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
29 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാര്‍ഷിക പ്രദര്‍ശനത്തില്‍ കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാല ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എഅധ്യക്ഷനായി. മേയര്‍ എം കെ വര്‍ഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ കെ സിനിയ, ബ്ലോക്ക് മെമ്പര്‍ സിനി പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവിന്ദ്രന്‍, ഇന്ദിര മോഹനന്‍, ശ്രീവിദ്യ രാജേഷ്, കൃഷി അഡീഷ്ണല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്കിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍ അരങ്ങേറി.
ബന്ധപ്പെട്ട വാർത്തകൾ: വർക്കല മണ്ഡലത്തിലെ മൂന്നു സ്കൂളുകൾ കൂടി ഇനി ഹൈടെക്
Share your comments