ഞങ്ങളും കൃഷിയിലേയ്ക്ക് (Njangalum krishiyilekk) പദ്ധതിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്കിൽ ഒക്ടോബർ 26ന് നടക്കുന്ന കൃഷിദർശൻ (Krishidarshan) പരിപാടിക്ക് മുന്നോടിയായി കർഷകർക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാം. കൃഷി മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും.
കൃഷിവകുപ്പിന്റെ എയിംസ്- AIMS (അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് സിസ്റ്റം) പോർട്ടലിന്റെ പുതിയ പതിപ്പിലൂടെ കർഷകർക്ക് പരാതികൾ സമർപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി കിസാൻ സമ്മാൻ സമ്മേളനം 2022: കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും
ഒക്ടോബർ 15 വരെയാണ് പരാതികൾ ഓൺലൈനായി സമർപ്പിക്കേണ്ടത്. എഴുതി തയ്യാറാക്കിയ പരാതികൾ ഓൺലൈനായി അപ്‌ലോഡും ചെയ്യാവുന്നതാണ്. കർഷകർക്ക് നേരിട്ടോ, അതത് കൃഷിഭവനുകൾ വഴിയോ പരാതികൾ സമർപ്പിക്കാം.
കർഷകർ പരാതി സമർപ്പിക്കേണ്ട വിധം
പരാതികൾ സമർപ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ AIMS പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്യേണ്ടതുണ്ട്. കർഷകർ www.aims.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് AIMS New Services എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന പേജിൽ ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഐ.ഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യാവുന്നതാണ്. ഐഡി, പാസ്‌വേഡ് എന്നിവ ലഭ്യമല്ലാത്ത കർഷകർക്ക് സ്വന്തം ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാം. www.aimsnew.kerala.gov.in എന്ന വെബ്അഡ്രെസ് വഴിയും ഈ പോർട്ടലിൽ ലോഗിൻ ചെയ്യാം.
കർഷകർ ലോഗിൻ ചെയ്ത ശേഷം ഡാഷ്ബോർഡിലെ 'MY LAND' എന്ന ഭാഗത്ത് കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. ബന്ധപ്പെട്ട കൃഷിഭവൻ, പരാതികൾ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ എന്നിവരെ സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കുന്നതിനായാണ് കൃഷിഭൂമി വിവരങ്ങൾ ചേർക്കുന്നത്. കരം രസീത്/ പാട്ട ചീട്ട് അപ്‌ലോഡ് ചെയ്യേണ്ടതില്ല.
തുടർന്ന് APPLY New Service എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് പരാതി ബന്ധപ്പെട്ട കൃഷിഭവനിലേക്ക് സമർപ്പിക്കാം. ഇത്തരത്തിൽ സമർപ്പിക്കുന്ന പരാതിക്ക് ഓൺലൈനായി അപേക്ഷ നമ്പർ നൽകുന്നതും പരാതിയുടെ തൽസ്ഥിതി വിവരങ്ങൾ ഓൺലൈനായി കർഷകന് മനസിലാക്കാനും സാധിക്കും.
പരാതിയുടെ പകർപ്പ് കർഷകന് പ്രിന്റ് എടുത്തു സൂക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. എഴുതി തയ്യാറാക്കിയ പരാതികളോ പരാതികൾ സംബന്ധിച്ച ചിത്രങ്ങളോ കർഷകർക്ക് പരാതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യാം.
കർഷകർക്ക് എഴുതി തയ്യാറാക്കിയ പരാതി അതത് കൃഷിഭവനുകളിൽ നേരിട്ട് സമർപ്പിക്കാം
എഴുതി തയ്യാറാക്കിയ പരാതികൾ കർഷകർക്ക് കൃഷിഭവനിൽ നേരിൽ സമർപ്പിക്കുവാനും സാധിക്കും. AIMS രജിസ്ട്രേഷൻ ഇല്ലാത്ത കർഷകർ കൃഷിഭവനിൽ പരാതി സമർപ്പിക്കുന്ന പക്ഷം ആധാർ, മൊബൈൽ വിവരങ്ങൾ കൂടെ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്ന താണ്. ഒല്ലൂക്കര ബ്ലോക്കിൽ നടത്തുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായി ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ കർഷകർക്കാണ് പരാതികൾ സമർപ്പിക്കാൻ സാധിക്കുന്നത്.
Share your comments