1. കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കുന്ന സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികളായ സ്പ്രിങ്ക്ളർ/ഡ്രിപ്പ്വാ ഇവ വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. ധനസഹായത്തിന് അപേക്ഷിക്കുന്നവർ കോഫി ബോർഡിൻറെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. താല്പര്യമുള്ളവർ സെപ്റ്റംബർ 30 നകം ‘ഇന്ത്യ കോഫീ ആപ്പ്’ വഴിയോ കോഫീ ബോർഡ് വെബ്സൈറ്റ് വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായോ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
മാനന്തവാടി: 9497761694
പനമരം: 8332931669
സുൽത്താൻ ബത്തേരി: 9495856315 / 9847961694
മീനങ്ങാടി: 9539620519
പുൽപള്ളി: 9745217394
കൽപ്പറ്റ: 9496202300
2. കൃഷിയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കാര്‍ഷികോത്സവത്തിന്റെ രണ്ടാം പതിപ്പിന് തയ്യാറെടുപ്പുകൾ തുടങ്ങി. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ ചാക്കോളാസ് പവലിയനിലെ വേദിയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 13 വരെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കളമശ്ശേരിയിലെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന വ്യത്യസ്തയിനം വിളകളെ അടിസ്ഥാനമാക്കിയുള്ള 20 കാര്‍ഷികസംഗമങ്ങളും സെമിനാറുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, വ്യവസായം, ടൂറിസം, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകളും സഹകരണ ബാങ്കുകളുടെ സ്റ്റാളുകളും മേളയിലുണ്ടായിരിക്കുന്നതാണ്.
3. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർ ഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 4 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
Share your comments