കേരളത്തിലെ കോള്‍പ്പടവുകളില്‍ ഉപയോഗിക്കുന്ന, ദശാബ്ദങ്ങള്‍ പഴക്കമുള്ള സാങ്കേതികവിദ്യയാണ് പെട്ടിയും പറയും. സമുദ്രനിരപ്പിനും താഴെയുള്ള നിലങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍, കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍, പാടശേഖരങ്ങളില്‍ വെള്ളം കയറ്റിയും, ഇറക്കിയും ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനാണ് പെട്ടിയും പറയും ഉപയോഗിച്ചു വരുന്നത്. ആലപ്പുഴ, തൃശ്ശൂര്‍, പൊന്നാനി കോള്‍പ്പടവുകളില്‍ ഇത് വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ഈ പരമ്പരാഗത മാര്‍ഗ്ഗത്തില്‍ നിന്നു മാറി കുറെക്കൂടി കാര്യക്ഷമതയുള്ള, ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറവുള്ള, പുതിയ ജലനിയന്ത്രണ രീതിക്ക് കര്‍ഷകര്‍ പ്രാധാന്യം നല്‍കുന്നു. അത്തരത്തില്‍ ഒന്നാണ് തൃശ്ശൂര്‍ കണിമംഗലം പാടശേഖരത്തില്‍ കെ എസ് ബി പമ്പ്‌സ് സ്ഥാപിച്ചിട്ടുള്ള സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റ്. പഴയ പെട്ടിയും പറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചപ്പെട്ടതാണ് ഇത്. പെട്ടിയും പറയേക്കാള്‍ ഇരട്ടിയിലേറെ കാര്യക്ഷമതയുണ്ട് ഈ സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റിന്. ഏതാണ് 20 കുതിരശക്തി ഊര്‍ജ്ജ ഉപയോഗം കുറവുമതി ഇതിന്. കൃഷിനിലങ്ങളിലെ വെള്ളം വറ്റിക്കുക എന്നത് വളരെ ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രക്രിയയാണ്. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ ഉണ്ടെങ്കില്‍ വളരെ വേഗം വെള്ളം വറ്റിച്ച് കൃഷി തുടങ്ങാം. സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റിന്റെ മോട്ടറും പമ്പും വെള്ളത്തില്‍ താഴ്ത്തിയിടാവുന്നതാണ്. അതുകൊണ്ടുതന്നെ പരമാവധി വെള്ളം അത് പമ്പ് ചെയ്യും. നിലവില്‍ വെള്ളം വറ്റിക്കുന്നതിന് ഏറ്റവും കാര്യക്ഷമതയുള്ള സംവിധാനം ഇതു തന്നെയാണ്. സബ്‌മേഴ്‌സബിള്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് എടുത്തുമാറ്റേണ്ടി വരില്ല എന്നതും അതിന്റെ ഗുണമാണ്. സബ്‌മേഴ്‌സബിള്‍ പൈപ്പ് അത് പമ്പ് ചെയ്യേണ്ട ഉയരം വളരെ കുറവാണ്. അതിനനുസിച്ച് വെള്ളം കൂടുതല്‍ ഒഴുക്കി വിടുന്ന മോഡലുമാണ്.
കെ എസ് ബി പമ്പ്‌സ് സ്ഥാപിച്ച സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റ് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായെന്ന് കൃഷിവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുമേഷ് കുമാറും പറയുന്നു. കൃഷിവകുപ്പിന്റെ കാര്‍ഷിക എഞ്ചിനീയര്‍ വിഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പാക്കുന്നത്. 2018 ല്‍ പ്രളയം ബാധിച്ച സമയത്താണ് കെ എസ് ബിയോട് സഹായം ആവശ്യപ്പെടുന്നത്. അവര്‍ അത് ഏറ്റെടുത്തത് പരീക്ഷണാടിസ്ഥാനത്തിലാണ്. കര്‍ഷകര്‍ കൃഷിസ്ഥലത്ത് ഒരു പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണമെങ്കില്‍ അത് അവര്‍ക്കു കൂടി ബോദ്ധ്യപ്പെടണം. അതില്‍ കെ എസ് ബി വിജയിച്ചു. സബ്‌മേഴ്‌സബിള്‍ പമ്പിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ നേരിട്ട് കണ്ടറിഞ്ഞ് തൃപ്തിപ്പെട്ടു. ഇപ്പോള്‍ കോള്‍കര്‍ഷകര്‍ തന്നെ സബ്‌മേഴ്‌സബിള്‍ മതി എന്ന് പറഞ്ഞു തുടങ്ങി. പെട്ടിയും പറയ്ക്കും വില കുറവാണ്. പക്ഷേ, അതിന്റെ നടത്തിപ്പ് ചെലവും ദീര്‍ഘകാല ഉപയോഗവും മറ്റും കണക്കിലെടുക്കുമ്പോള്‍ ലാഭകരം സബ്‌മേഴ്‌സബിള്‍ പമ്പാണ്. സബ്‌മേഴ്‌സബിളിന് വൈദ്യുതി കുറവു മതി, തൊഴിലാളികള്‍ കുറവുമതി, വെള്ളം വേഗത്തില്‍ വറ്റിക്കാം, അറ്റകുറ്റപ്പണികള്‍ കുറവാണ്, സമയബന്ധിതമായി വെള്ളം വറ്റിച്ച് കൃഷി നടത്താം.
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 340 പെട്ടിയും പറകളും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതെല്ലാം മാറ്റി പകരം സബ്‌മേഴ്‌സബിള്‍ പമ്പ് സ്ഥാപിക്കണം. അതിനായി ദേശീയ കൃഷി വികസന പദ്ധതിയില്‍ (ആര്‍ കെ വി വൈ) ഉള്‍പ്പെടുത്തി ഏതണ്ട് 62 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 മോട്ടോര്‍ പമ്പ്‌സെറ്റ് കോള്‍ മേഖലയിലുള്ള വിവിധ പാടശേഖരങ്ങളില്‍ സ്ഥാപിക്കാനുള്ള ടെണ്ടര്‍ അനുമതിക്കായി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌മേഴ്‌സബിള്‍ പമ്പ്‌സെറ്റ് അന്തിക്കാട്ടും സ്ഥാപിച്ചിട്ടുണ്ട്. ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നതുകൊണ്ട് കൂടുതല്‍ സബ്‌മേഴ്‌സബിള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്.
പെട്ടിയും പറയും ഉപയോഗിച്ചുള്ള കൃഷി ഏറെ ചെലവേറിയതാണെന്ന് കണിമംഗലം പാടശേഖരസമിതി അംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പെട്ടിയും പറയും സ്ഥാപിക്കുന്നത് ഒരു പ്രത്യേക കലയാണ്. ഇന്ന് അതിന്റെ വിദഗ്ദ്ധര്‍ ഇല്ല. ചാക്കില്‍ മണ്ണ് നിറച്ചാണ് പടവ് തയ്യാറാക്കുന്നത്. പടവ് കെട്ടുന്നത് ശരിയായ രീതിയില്‍ ആയില്ലെങ്കില്‍ വെള്ളം പുറത്തേക്ക് പോകും. പെട്ടിയും പറയും സ്ഥാപിക്കാന്‍ 20,000 രൂപയോളം ചെലവ് വരും. തിരിച്ചെടുക്കാനും അത്രയും തന്നെ ചെലവ് വരും. പിന്നെ ആവശ്യം കഴിഞ്ഞാല്‍ സൂക്ഷിക്കുന്നത് ദൂരെയായിരിക്കും. അവിടേക്കുള്ള വണ്ടിക്കൂലി വേറെയും വരും. മരവും ഇരുമ്പും ഉപയോഗിച്ച് പണിതിട്ടുള്ളതിനാല്‍ കുറെക്കാലം വെള്ളത്തില്‍ കിടക്കുമ്പോള്‍ പെട്ടിയും പറയും പെട്ടെന്ന് കേടാകും.
സബ്‌മേഴ്‌സബിള്‍ പമ്പ്, പെട്ടിയും പറയെക്കാളും വെള്ളം കൂടുതല്‍ എടുക്കുന്നു. ഇത്തരത്തിലുള്ള അഞ്ച് പമ്പ് സെറ്റ് കിട്ടിയാല്‍ കൃഷി നന്നായി നടത്താമെന്ന് കര്‍ഷകര്‍ക്ക് ആത്മവിശ്വാസമുണ്ട്. ഇത്തവണ പ്രളയം വന്നപ്പോള്‍ കൃഷി നശിച്ചു. മോട്ടോറുകളും പെട്ടിയും പറകളും കേടായി. ആ സാഹചര്യത്തിലാണ് ഒരു പരീക്ഷണം എന്ന നിലയില്‍ കെ എസ് ബി, സബ്‌മേഴ്‌സബിള്‍ പമ്പ് കണിമംഗലം പാടശേഖരത്തില്‍ സ്ഥാപിച്ചത്. ഇത് വലിയ ആശ്വാസമായി. സബ്‌മേഴ്‌സബിള്‍ പമ്പ് വച്ചതിനുശേഷം ഒരുമാസംകൊണ്ട് വെള്ളം വറ്റി. സാധാരണ പെട്ടിയും പറയുമാണെങ്കില്‍ 60 ദിവസത്തിലധികം വേണ്ടിവരും വെള്ളം വറ്റാന്‍. എല്ലാ പാടശേഖരങ്ങളിലേക്കും ഇത്തരം സംവിധാനം നല്‍കിയാല്‍, സമയത്തിന് വെള്ളം വറ്റിക്കാന്‍ സാധിച്ചാല്‍ ഇരുപൂവ് കൃഷിചെയ്യാന്‍ സാധിക്കും. നിലവില്‍ ഒരുപൂവ് ആണ് ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്ന് വിത്ത് മാത്രം കിട്ടിയതുകൊണ്ട് കാര്യമില്ല. ഇരുപൂവ് കൃഷി ചെയ്യണമെങ്കില്‍ ഇത്തരം സാങ്കേതിക സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തുതരണം. ഒരുപൂവ് ചെയ്യുന്നത് തന്നെ വളരെ വൈകിയാണ്. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് മോട്ടോര്‍ വയ്ക്കാന്‍ സാധിക്കണം. എന്നാലേ നവംബറില്‍ കൃഷി തുടങ്ങാന്‍ സാധിക്കൂ. ഇത്തരം പമ്പുകള്‍ ആണെങ്കില്‍ ഒരു ഓപ്പറേറ്റര്‍ക്ക് രണ്ടോ മൂന്നോ പമ്പുകള്‍ ഓപ്പറേറ്റ് ചെയ്യാം. പെട്ടി പറയ്ക്ക് ഓരോന്നിനും ഓരോ ഓപ്പറേറ്റര്‍ വേണം. അവര്‍ക്ക് കൊടുക്കുന്ന പണം ലാഭിക്കാം.
തൃശ്ശൂര്‍ കണിമംഗലം പാടശേഖരം 900 ഏക്കറാണ്. പ്രളയം കഴിഞ്ഞ സമയത്തിന് വെള്ളം വറ്റിക്കാന്‍ കഴിയാത്തതുകാരണം മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കാന്‍ ഇത്തവണ സാധിച്ചിട്ടില്ല. നിലവില്‍ 11 സാധാരണ പമ്പ്‌സെറ്റ് വച്ചിട്ടാണ് ഈ പാടശേഖരത്തിലെ ജലവിതരണം നടത്തുന്നത്. സബ്‌മേഴ്‌സബിള്‍ പമ്പ് സെറ്റ് ആണെങ്കില്‍ വെള്ളം നിറഞ്ഞുകിടക്കുമ്പോള്‍ തന്നെ വറ്റിച്ച്തുടങ്ങാം. പെട്ടിയും പറയുമാണെങ്കില്‍ വെള്ളം കുറച്ച് വറ്റിയതിനുശേഷമേ പണി തുടങ്ങാന്‍ സാധിക്കൂ.
കൃഷിയുടെ ആധുനികവത്കരണവും നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും മറ്റു സംസ്ഥാനങ്ങളെ ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും ഏറെ മുന്നിലെത്തിച്ചു കഴിഞ്ഞു. നേരത്തെ ഞാറ് നടുന്ന യന്ത്രങ്ങളെയും കൊയ്ത്ത് യന്ത്രങ്ങളെയും മെതിയന്ത്രങ്ങളെയും സ്വാഗതം ചെയ്യാതിരുന്ന കേരളം കാര്‍ഷികമേഖലയില്‍ പിന്നോട്ടടിക്കുകയായിരുന്നു. നാളികേരത്തിന്റെ ഉല്പാദനത്തില്‍ പോലും നമ്മള്‍ നാലാം സ്ഥാനത്തിന് താഴെ പോയത് ഇതുകാരണമാണ്. കോള്‍പ്പടവുകളില്‍ ഇരുപ്പൂ കൃഷിചെയ്യാന്‍ കഴിയുന്ന ഇത്തരം ആധുനിക സംവിധാനങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണ്. മാത്രമല്ല, ദേശീയ കൃഷി വികസന പദ്ധതി അടക്കമുള്ള കേന്ദ്രപദ്ധതികള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും നമുക്ക് കഴിയണം.
(തയ്യാറാക്കിയത്: ധന്യ. എം.ടി)
English Summary: KSB Submersible Pumps for water prone area
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments