<
  1. News

ക്ഷീരശ്രീ പോർട്ടൽ കർഷക രജിസ്ട്രേഷന്റെ അവസാന തീയതി ഓഗസ്റ്റ് 25 വരെ നീട്ടി...കൂടുതൽ കാർഷിക വാർത്തകൾ

കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീര കർഷകർക്ക് ഉൽപാദന ബോണസ് നൽകുന്നതിന്റെ ഭാഗമായാണ് പോർട്ടൽ മുഖേനയുള്ള രജിസ്ട്രേഷൻ ഒരുക്കിയത്. ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

Darsana J

1. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി വയ വന്ദന യോജനയിലൂടെ പ്രതിമാസം 9,250 രൂപ പെൻഷൻ നേടാം. എൽഐസി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചേരാൻ സാധിക്കും. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 1,000 രൂപയാണ്. കാലാവധിക്ക് മുമ്പ് പണം പിൻവലിക്കുന്നവർക്ക് നിക്ഷേപ തുകയുടെ 98 ശതമാനം തിരികെ ലഭിക്കും. നിക്ഷേപം മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. എൽഐസി വഴി ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 2023 മാർച്ച് 31ന് അവസാനിക്കും. 10 വർഷമാണ് പദ്ധതിയുടെ കാലാവധി.

2. ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ മുഖേനയുള്ള കർഷക രജിസ്ട്രേഷന്റെ അവസാന തീയതി ഓഗസ്റ്റ് 25 വരെ നീട്ടി. കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീര കർഷകർക്ക് ഉൽപാദന ബോണസ് നൽകുന്നതിന്റെ ഭാഗമായാണ് പോർട്ടൽ മുഖേനയുള്ള രജിസ്ട്രേഷൻ ഒരുക്കിയത്. ksheerasree.kerala.gov.in എന്ന പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയകേന്ദ്രങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, ക്ഷീര വികസന ഓഫീസുകൾ അല്ലെങ്കിൽ മൊബൈൽ ഫോൺ എന്നിവ വഴിയോ രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഫോട്ടോ, ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ, ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവ രജിസ്ട്രേഷന് ആവശ്യമാണ്.

3. സമൃദ്ധി നാട്ടുപീടികയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വെട്ടയ്‌ക്കൽ കാർഷിക സഹകരണബാങ്ക് അങ്കണത്തിൽ വച്ചാണ് കണ്ടെയ്നർ മാതൃകയിലുള്ള സംഭരണ സംസ്‌കരണ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. ഇതേരീതിയിലുള്ള 32 വിപണനകേന്ദ്രം സംസ്ഥാനത്ത് ആരംഭിക്കുമെന്നും കാർഷികോൽപന്നങ്ങളുടെ സംഭരണം, മൂല്യവർധിത ഉൽപന്നങ്ങളുടെ സംസ്‌കരണം, അവയുടെ വിപണനം എന്നിവയ്‌ക്കായി ഈ സാമ്പത്തികവർഷം 100 കോടി രൂപ കൃഷിവകുപ്പ് മാറ്റിവച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ 50 ശതമാനം ധനസഹായത്തോടെയാണ്‌ വെട്ടയ്‌ക്കൽ കാർഷിക സഹകരണബാങ്ക്‌ കേന്ദ്രം പ്രവർത്തിക്കുന്നത്.

4. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള തൊഴിൽ സഭകൾ സഹായിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. തൊഴിൽസഭ മേഖലാതല സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പ്രാദേശിക കൂട്ടായ്മകൾ രൂപപ്പെടുത്തുന്നത്. ഗ്രാമസഭകളുടെ മാതൃകയിൽ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേയ്ക്ക് നിയമിക്കാനാണ് തൊഴിൽസഭ രൂപീകരിക്കുന്നതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

5. തൃശൂർ എംജി റോഡിലെ കുടുംബശ്രീ ഫുഡ് കോർട്ട് സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയ്ക്ക് വേണ്ടി വിഭവ സമൃദ്ധമായ സദ്യയാണ് കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയത്. പടവലങ്ങ തോരനും, കുമ്പളങ്ങാക്കറിയും ഗംഭീരമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരോടൊപ്പം ചേർന്ന് സെൽഫിയെടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്.

6. ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ വിപണന മേളകൾ നടത്താനൊരുങ്ങി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആറ് വരെ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മേള നടക്കുക. കൂടാതെ ജില്ലയിലെ 58 ഗ്രാമ-നഗര സിഡിഎസുകളിൽ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഓണച്ചന്തകള്‍ നടക്കും. പന്തളം തെക്കേക്കര, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ മുഴുവന്‍ സംരംഭകരെയും, കുടുംബശ്രീ അംഗങ്ങളെയും, സംഘകൃഷി ഗ്രൂപ്പുകളെയും, പങ്കെടുപ്പിച്ച് ഓണം ട്രേഡ് ഫെസ്റ്റ് നടക്കും. ഇതിനു പുറമേ സെപ്റ്റംബര്‍ ഒന്ന് മുതല്‍ 19 വരെ ഇടത്താവളത്തില്‍ നടക്കുന്ന ഓണം ഫെസ്റ്റിലും കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കും.

ഉൽപന്ന - കാര്‍ഷിക വിപണന മേളയില്‍ ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ ഉൽപാദിപ്പിച്ച പലതരം അച്ചാറുകള്‍, കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, നാടന്‍ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാര്‍ ചെയ്ത ചിപ്സ്, ശര്‍ക്കര വരട്ടി, കളിയടയ്ക്ക, പലഹാരങ്ങള്‍, മുറം, ദോശകല്ല്, തവ, മണ്‍വെട്ടി, തൂമ്പ, ബാഗുകള്‍, തുണിത്തരങ്ങള്‍, ലോഷനുകള്‍, സോപ്പുകള്‍, പച്ചക്കറികള്‍, പച്ചക്കറി തൈകളും വിത്തുകളും, വളം, ഗ്രോ ബാഗ്, കരകൗശല ഉൽപന്നങ്ങള്‍, ഇരവിപേരൂര്‍ റൈസ് തുടങ്ങി എല്ലാവിധ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.

7. തളിപ്പറമ്പ്‌ മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെ കോർത്തിണക്കി തീർത്ഥാടന ടൂറിസം പദ്ധതി ഒരുക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. സഞ്ചാരികൾക്ക് ആകർഷണീയവും, വിജ്ഞാനപ്രദവുമായ രീതിയിലുള്ള സഞ്ചാരം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാടിന്റെ പൗരാണിക ഓർമകൾ മുതൽ ആധുനിക നിർമിതികൾ വരെ ജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിക്കുക.

പദ്ധതിയുടെ ഭാഗമായി കുളങ്ങൾ നവീകരിക്കുക, ചുമർ ചിത്രങ്ങൾ, കൊത്തുപണികൾ തുടങ്ങിയവ സംരക്ഷിക്കുക, തെയ്യം , ക്ഷേത്രകല, നാടൻകല, ആദിവാസി കല എന്നീ പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകുക എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും തീർഥാടന ടൂറിസം വികസിക്കുന്നതിനോടൊപ്പം ഇക്കോ ടൂറിസം, ഫാം ടൂറിസം, റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

8. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം. ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റീ- സർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം, ബയോഫ്‌ളോക്ക് വനാമി ചെമ്മീൻ കൃഷി, കൂട് മത്സ്യകൃഷി, കുളങ്ങളിലെ പൂമീൻകൃഷി, കരിമീൻകൃഷി, ചെമ്മീൻകൃഷി എന്നിവയാണ് പദ്ധതികൾ.

കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നോ പാലാ, വൈക്കം, കോട്ടയം മത്സ്യഭവനുകളിൽ നിന്നോ അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ഓഗസ്റ്റ് 25ന് വൈകിട്ട് നാല് മണിയ്ക്ക് മുമ്പ് തിരികെ ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0481 25668236, 04822299151, വൈക്കം - 9400882267, കോട്ടയം പള്ളം - 0481 2434039,8547341296 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

9. പത്തനംതിട്ട കൊടുമൺ പ്ലാന്റേഷനിൽ റംബുട്ടാൻ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. കൊടുമൺ, ചന്ദനപ്പിള്ളി എസ്റ്റേറ്റുകളിലെ 800 മരങ്ങളിൽ നിന്നാണ് വിളവെടുപ്പ് നടത്തുന്നത്. 2014-ലാണ് പ്ലാന്റേഷനിൽ റംബുട്ടാൻ കൃഷി ആരംഭിക്കുന്നത്. 2021ൽ 20 ടൺ പഴങ്ങളും, 2020ൽ 13 ടൺ പഴങ്ങളും വിളവെടുത്തു. 18 വ്യത്യസ്ത ഇനം തൈകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

10. മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന 'ഇന്ത്യ ഉത്സവ്​' ഫെസ്റ്റിവൽ ഈ മാസം 24ന് അവസാനിക്കും. വ്യത്യസ്തമാർന്ന ഇന്ത്യൻ ഭക്ഷണങ്ങൾ, കാർഷിക വിഭവങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ്​ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്​. വിവിധ ഇന്ത്യൻ നൃത്തരൂപങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഫെസ്റ്റിവൽ ആരംഭിച്ചത്.

11. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയും ചൂടും തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Ksheerasree Portal has extended the last date for farmer registration till August 25

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds