1. നഷ്ടത്തിൽ നിന്നും കരകയറാൻ കെഎസ്ആർടിസി കൊറിയർ സർവീസ് വിപുലീകരിക്കുന്നു. ഇനിമുതൽ വിവിധ ജില്ലകളിലെ കാർഷിക ഉൽപന്നങ്ങൾ കൂടി ബസിൽ ഇടംപിടിയ്ക്കും. 4 മാസം മുമ്പ് ആരംഭിച്ച കൊറിയർ സർവീസിലെ പ്രതിദിന വരുമാനം 1 ലക്ഷം കടന്നു. കാർഷിക ഉൽപന്നങ്ങൾ കൂടി ഉൾപ്പെടുത്തി വരുമാനം 15 ലക്ഷമായി ഉയർത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. വയനാട്ടിൽ നിന്നുള്ള ഉൽപന്നങ്ങൾ തിരുവനന്തപുരത്തും എറണാകുളത്തും എത്തിക്കും. ഇതിനായി കർഷക കൂട്ടായ്മകൾ കെഎസ്ആർടിസിയെ സമീപിച്ചിട്ടുണ്ട്. സമാന രീതിയിൽ തീരപ്രദേശങ്ങളിൽ നിന്നും മത്സ്യവും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാനും ആലോചിക്കുന്നുണ്ട്.
2. പാടത്തോ വെള്ളത്തിലോ കർഷകന്റെ നെല്ല് കൂട്ടിയിടേണ്ട അവസ്ഥയുണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പുന്നപ്ര വടക്ക് പഞ്ചായത്തിലെ മുന്നൂറാം പാടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2070 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞ വർഷം സംഭരിച്ചതെന്നും, അതിൽ 1600 കോടി രൂപ വിതരണം ചെയ്യുന്നതിൽ തടസ്സമൊന്നും ഉണ്ടായില്ലെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും, കൃഷിക്കാർക്ക് ന്യായമായ വില നൽകുകയെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. ഗ്രാമത്തിന് ഉത്സവമായി നെൽകൃഷിയിറക്കി സുല്ലമുസ്സലാം ഓറിയന്റൽ വിദ്യാർഥികൾ. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സഹകരണത്തോടെ സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളേരി ചാലിപ്പാടം വയലിൽ വിദ്യാർഥികൾ ഞാറുനട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഞാറ് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യുവ കർഷകൻ നൗഷർ കല്ലടയുടെ ഒരേക്കറോളം വരുന്ന നെൽവയലിലാണ് വിദ്യാർഥികൾ ജൈവ നെൽകൃഷി ആരംഭിച്ചത്. കാർഷിക സംസ്കാരം വീണ്ടെടുക്കാനും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനുമാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്.
Share your comments