സൂക്ഷ്മ സംരംഭ മേഖലയില്‍ ഉല്‍പാദകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നായ വിപണന സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരമായി മാറുകയാണ് കുടുംബശ്രീ നാനോ മാര്‍ക്കറ്റുകള്‍. ഒരു മാസം മുമ്പാണ് വയനാട് ജില്ലയില്‍ നാനോ സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം തന്നെ ഉല്‍പാദകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും പദ്ധതിയുടെ വിജയമായി. ഇടനിലക്കാരില്ലാതെ കുടുംബശ്രീ സംരംഭകര്‍ക്ക് നേരിട്ട് വിപണി കണ്ടെത്താവുന്ന തരത്തിലാണ് ക്രമീകരണം. ആളുകള്‍ കൂടുതലായെത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അലമാര സ്ഥാപിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുകയാണ് നാനോ മാര്‍ക്കറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്. പൊതു മാര്‍ക്കറ്റുകളേക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. കറിപൗഡറുകള്‍, ധാന്യപ്പൊടികള്‍, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, അരി, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഓരോ നാനോ മാര്‍ക്കറ്റിലും വില്‍പനയ്ക്കെത്തിച്ചിട്ടുണ്ട്.
വൈവിധ്യങ്ങളായ വിവിധ ഉല്‍പന്നങ്ങള്‍ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരമായ വിപണി ലഭിക്കാത്തത് പ്രതിസന്ധിയായിരുന്നു. കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന മേളകളും മറ്റുമായിരുന്നു വിപണനത്തിനായി സംരംഭകര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, സ്ഥിരമായി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു പലപ്പോഴും സാധിക്കാറില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് നാനോ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീ മിഷന്‍ പദ്ധതി തയ്യാറാക്കിയത്. നിലവില്‍ ജില്ലയില്‍ പുല്‍പ്പള്ളി പെരിക്കല്ലൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ്, കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ്, വൈന്‍ഡ് വാലി, സിവില്‍ സ്റ്റേഷന് സമീപത്തെ ഉറവ് ഇക്കോ ഷോപ്പ്, നെന്മേനി സി.ഡി.എസ് ഓഫീസ്, അമ്പലവയല്‍ ബസ് സ്റ്റാന്‍ഡ് പരിസരം, വൈത്തിരി സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില്‍ നാനോ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുള്ളന്‍കൊല്ലി, വൈത്തിരി പകല്‍ വീട് എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കകം കേന്ദ്രങ്ങള്‍ സജ്ജമാവും. കൂടാതെ ഡി.ടി.പി.സിയുടെ ഹെറിറ്റേജ് കേന്ദ്രങ്ങളില്‍ കൂടി നാനോ സംരംഭങ്ങള്‍ ഒരുക്കാന്‍ ധാരണയായിട്ടുണ്ട്. വില്‍പനയ്ക്കായി പ്രത്യേകം ജീവനക്കാര്‍ വേണ്ടെന്നതും വിപണനത്തിനു കുറഞ്ഞ സ്ഥലസൗകര്യം മതിയെന്നതും നാനോ മാര്‍ക്കറ്റുകള്‍ ലാഭകരമാക്കുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ പരമാവധി വില്‍പന സ്ഥിരമായി ഉറപ്പുവരുത്തുകയെന്നതാണ് നാനോ മാര്‍ക്കറ്റുകളിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
Share your comments