എറണാകുളം: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു.
ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചി സൗത്ത് സിഡിഎസ്സിലെ 46-ാം ഡിവിഷൻ, പ്രതിഭ അയൽക്കൂട്ടത്തിനു 180000 രൂപയുടെ ചെക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചക്കരപ്പറമ്പ് ബ്രാഞ്ചാണ് അയൽക്കൂട്ടത്തിനു ലോൺ നൽകിയത്.
കോവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം ഉണ്ടാകാവുന്ന തൊഴിൽ നഷ്ടവും അതിന്റെ തുടർച്ചയായുണ്ടാകാവുന്ന സാമ്പത്തിക നഷ്ടവും കണക്കിലെടുത്തു സാധാരണക്കാർക്ക് അടിയന്തിര വായ്പ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് സഹായഹസ്തം വായ്പ പദ്ധതി. അയൽക്കൂട്ട അംഗത്തിന് അല്ലെങ്കിൽ കുടുംബത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായാണ് വായ്പ നൽകുന്നത്. ഒരംഗത്തിന് 5000 അല്ലെങ്കിൽ 10000 അല്ലെങ്കിൽ15000 എന്നിങ്ങനെ പരമാവധി 20000 രൂപ വരെയാണ് ലഭിക്കുന്നത്. 3 വർഷം വരെയായിരിക്കും തിരിച്ചടവ് കാലാവധി. 6 മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസം ആയിരിക്കും വായ്പ കാലാവധി. വായ്പയുടെ പലിശ (9 ശതമാനം) സർക്കാർ വഹിക്കും. അയൽക്കൂട്ടങ്ങൾ നിലവിൽ പലിശ ഉൾപ്പെടെയുള്ള തുക ഇ എം ഐ വ്യവസ്ഥയിൽ ബാങ്കിലേക്ക് തിരിച്ചടക്കേണ്ടതാണ്. ഇതിലെ പലിശ വിഹിതം കണക്കാക്കി സർക്കാരിൽ നിന്ന് ലഭ്യമാക്കുന്ന മുറക്ക് അയൽക്കൂട്ടങ്ങൾക്ക് നൽകും.
Share your comments