കുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. നൂതനമായ സംരംഭങ്ങൾ രൂപീകരിച്ചു കൊണ്ട് കുടുംബശ്രീ സംരംഭമേഖലയെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. 22ന് രാവിലെ കളമശ്ശേരി സമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. 22, 23 തീയതികളിലാണ് പരിപാടികൾ.
കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള 'ഷീ സ്റ്റാർട്‌സ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും. സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി) നടപ്പാക്കാൻ പുതുതായി അനുവദിച്ച പത്തു ബ്‌ളോക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. കോൺക്ലേവിന്റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്‌നോളജി എക്‌സ്‌പോയുടെ ഉദ്ഘാടനം നിയമ, വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 1500ഓളം സംരംഭകർ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ ഉപജീവന പദ്ധതികളെ കുറിച്ചുള്ള സെമിനാറുകൾ, പാനൽ ചർച്ചകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കുവയ്ക്കൽ, സംരംഭക മീറ്റ്, മെഷീനറി-ടെക്‌നോളജി എക്‌സ്‌പോ, മികച്ച സംരംഭകരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാകും.
'ഷീ സ്റ്റാർട്ട്‌സ്' പദ്ധതിയുടെ ഭാഗമായി അടുത്ത മൂന്നു വർഷം കൊണ്ട് സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇതുവഴി മൂന്നു ലക്ഷത്തോളം ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാൻ കഴിയും. ഈ സാമ്പത്തിക വർഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സൂക്ഷ്മസംരംഭങ്ങളിലൂടെ സുസ്ഥിര ഉപജീവന മാർഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള എസ്.വി.ഇ.പി പദ്ധതി നിലവിൽ 15 ബ്‌ളോക്കുകളിലാണ് നടപ്പാക്കുന്നത്. പുതുതായി നേമം (തിരുവനന്തപുരം), വെട്ടിക്കവല (കൊല്ലം), കോയിപ്രം (പത്തനംതിട്ട), ഏറ്റുമാനൂർ (കോട്ടയം), ആലങ്ങാട് (എറണാകുളം), പഴയന്നൂർ (തൃശൂർ), തൃത്താല (പാലക്കാട്), പെരുമ്പടപ്പ് (മലപ്പുറം), കുന്നുമ്മൽ (കോഴിക്കോട്), തളിപ്പറമ്പ് (കണ്ണൂർ) എന്നീ പത്തു ബ്‌ളോക്കുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കും.
സംരംഭകർക്ക് ആധുനിക യന്ത്രോപകരണങ്ങൾ പരിചയപ്പെടുന്നതിനും നൂതന സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് മെഷീനറി-ടെക്‌നോളജി എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി ഒട്ടേറെ പ്രമുഖ മെഷീൻ നിർമാതാക്കൾ പങ്കെടുക്കുന്നുണ്ട്.
Share your comments