ചകിരിനാരിന്റെ ഉത്പാദനം വർധിപ്പിക്കാൻ കുടുബശ്രീ കയർ വകുപ്പുമായി കൈകോർക്കുന്നു.ദിവസം എണ്ണായിരം പച്ചത്തൊണ്ട് തല്ലാൻ കഴിയുന്ന യന്ത്രങ്ങളാണ് കുടുംബശ്രീയുടെ യൂണിറ്റുകളിൽ സ്ഥാപിക്കുക. 640 കിലോ ചകിരിയാണ് ദിനംപ്രതി ഉത്പാദിപ്പിക്കുക. ലഭ്യമാകുന്ന ചകിരിയും ചകിരിച്ചോറും കയർഫെഡ് സംഭരിക്കും. ഗുണമേന്മയേറിയ ചകിരി കിലോയ്ക്ക് 23 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ചകിരിച്ചോറിന് കിലോയ്ക്ക് നാലുരൂപയും.കണ്ണൂർ അമ്മാനപ്പാറ, ആന്തൂർ എന്നിവിടങ്ങളിലും തൃശ്ശൂരിൽ അളകനഗറിലും കാസർകോട് കരിന്തളം എന്നിവിടങ്ങളിലുമാണ് നിലവിൽ കുടുംബശ്രീയുടെ ചകിരിനാര് നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ആദ്യഘട്ടം പൂർത്തിയായി.50 സെന്റ് സ്ഥലവും വൈദ്യുതിബന്ധവും ജല ലഭ്യതയുമാണ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം. സ്ഥലം വ്യവസായം ആരംഭിക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതോ പത്തു വർഷത്തേക്കു പാട്ടത്തിനെടുത്തതോ ആയിരിക്കണം. ഒരു തൊണ്ടിന് നാൽപത് പൈസ എന്ന നിരക്കിലാണ് കയർഫെഡ് നൽകുന്നത്. കൂടാതെ ചകിരിനാരിനും ചകിരിച്ചോറിനും തൂക്കത്തിനുള്ള നിരക്കും ലഭിക്കും.യൂണിറ്റിന് ആവശ്യമായ യന്ത്രസാമഗ്രികൾ സംസ്ഥാന കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനിയാണ് വിതരണം ചെയ്യുന്നത്. യൂണിറ്റ് ആരംഭിക്കുന്നതിന് സബ്‌സിഡിയും വിദഗ്ധ പരിശീലനവും നൽകുന്നുണ്ട്..കയർ ഡയറക്ടറേറ്റും സംസ്ഥാന കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനിയുമാണ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം നൽകുക .. പച്ചത്തൊണ്ട് സംഭരിക്കുന്നതിനും യൂണിറ്റുകൾക്ക് കുടുംബശ്രീ സാമ്പത്തിക സഹായം നൽകും.
ആവശ്യക്കാരേറെ, ഉത്പാദനം കൂട്ടും സംസ്ഥാനത്തെ ആവശ്യത്തിന്റെ 44 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ദേശീയ ഹൈവേ അതോറിറ്റി ഉൾപ്പെടെയുള്ള .സ്ഥാപനങ്ങൾ കയർവകുപ്പിനെ സമീപിച്ചിട്ടുണ്ട്. 2017-18 വർഷം 12496 ടൺ ചകിരിയാണ് കയർഫെഡ് ഉത്പാദിപ്പിച്ചത്. 18-19 സാമ്പത്തിക വർഷം 15700 ടൺ ആയി ഉയർന്നു....നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 42 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ കീഴിലും സ്വകാര്യ യൂണിറ്റുകളുമടക്കം നൂറോളം ചകിരിനിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്..എണ്ണായിരം പച്ചത്തൊണ്ടുകൾ സംസ്കരിക്കുന്ന യൂണിറ്റിന് പ്രതിദിനം 3200 രൂപയുടെ വരുമാനം ഉറപ്പിക്കാം. നീളമുള്ള ചകിരി, ചെറിയ ചകിരി, ചകിരിച്ചോറ് എന്നിങ്ങനെ.മൂന്ന് ഉത്പന്നങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കപ്പെടുന്നത്. യൂണിറ്റ് ആരംഭിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് അമ്പതുശതമാനം സബ്‌സിഡിയും സഹകരണ സ്ഥാപനങ്ങൾക്ക് 90 ശതമാനം സബ്‌സിഡിയുമാണ് കയർവകുപ്പ് നൽകുന്നത്.
Share your comments