News

കുടുംബശ്രീ ലോകത്തിനു തന്നെ മാതൃകയായ സ്ത്രീകൂട്ടായ്മ: ഡോ. കെ.റ്റി ജലീല്‍

കുടുംബശ്രീ ലോകത്തിനു തന്നെ മാതൃകയായ സ്ത്രീ കൂട്ടായ്മയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.റ്റി. ജലീല്‍ പറഞ്ഞു. ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന 'സ്‌നേഹിത' സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ക്രിസ്തുരാജ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. 'നാട് പുരോഗമിക്കണം. ഓരോ വീട്ടില്‍ നിന്നും പട്ടിണി മാറണം' എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. ചില പ്രത്യേക മേഖലകളില്‍ കുടുംബശ്രീ ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് അഭയം നല്‍കുക, കുട്ടികള്‍ക്ക് സുരക്ഷിത തണല്‍ ഒരുക്കുക ഇതിനായി സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനം അതാണ് സ്‌നേഹിത. ഒരു മുഴുവന്‍ സമയ വനിത അഭിഭാഷകയുടെ സേവനം അധികം വൈകാതെ ഈ കേന്ദ്രങ്ങളില്‍ നല്‍കും. ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവര്‍ തന്നെ കൈകാര്യം ചെയ്യും. 

കുടുംബശ്രീയെ സുശക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 250 ല്‍ അധികം ബഡ്‌സ് സ്‌കൂളുകള്‍ പുതുതായി തുടങ്ങും. കുടുംബശ്രീയില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് അംഗത്വം എന്നത് മാറ്റി വിദ്യാസമ്പന്നയായ ഒരാള്‍ക്കുകൂടി അംഗത്വം എടുക്കാം. പുതു തലമുറയില്‍പ്പെടുന്നവരുടെ സേവനം ഇതിലൂടെ കുടുംബശ്രീയില്‍ ഉറപ്പാക്കാന്‍ കഴിയും. കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്നതിന് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. കുടുംബശ്രീ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥിരമായ ഒരു സംവിധാനമായി ഇത് മാറും. കുടുംബശ്രീ യൂണിറ്റുകളുടെ ജൈവ പച്ചക്കറിയും കരകൗശല ഉല്പന്നങ്ങള്‍ക്കും ഇതിലൂടെ വിപണന സാധ്യത ഏറും.

ജില്ലാ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആവിഷ്‌ക്കരിച്ച ഷീ-ലോഡ്ജ്, ഷീ-ഹോം പദ്ധതികള്‍ വലിയ വിജയമാണെന്നും ഇത് എല്ലായിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. 
ഹോം നേഴ്‌സ്മാര്‍ നേരിടുന്ന ചൂഷണം തടയാനും അവര്‍ക്ക് കിട്ടുന്ന ശമ്പളം മുഴുവന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീയിലൂടെ ഇടപെടല്‍ നടത്തും. പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുടങ്ങും. ഇക്കാലമത്രയും സഞ്ചരിച്ചതില്‍ നിന്ന് വ്യത്യസ്തമായി കുടുംബശ്രീ പുതിയ വഴികളിലൂടെ നീങ്ങുകയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായ കുടുംബശ്രീയെ ശക്തിപ്പെടുത്തുന്നതിനു എല്ലാ അര്‍ത്ഥത്തിലും പദ്ധതികള്‍ വിജയപ്പിക്കുന്നതിലുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിരാശ്രായര്‍ക്ക് അത്താണി ആകാന്‍ കുടുംബശ്രീ ഉണ്ടാകും. പുതിയ തലമുറകൂടി കൂടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ കടന്നു വരണമെന്നും മന്ത്രി പറഞ്ഞു. അര്‍ബുദരോഗ ബോധവത്ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനത്തിനുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് 'സഖി' എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ സി. കെ ആശ എം.എല്‍.എ. ആദരിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ബ്ലോക്ക് പഞ്ചായത്തേ് പ്രസിഡന്റ് പി. വി മൈക്കിള്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രീയ സജീവ് നന്ദിയും പറഞ്ഞു.
CN Remya Chittettu Kottayam, #KrishiJagran


English Summary: kudumbhashree district mission

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine