മട വീണ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുവാൻ വേണ്ടി മണൽ നിറച്ച ചാക്കുകൾ ഉപയോഗിക്കുന്നത് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമോയെന്ന് ആശങ്ക.കുട്ടനാട്ടിലെ ബണ്ട് ബലപ്പെടുത്താൻ രണ്ടുലക്ഷം മണൽ ചാക്കുകളാണ് ഉപയോഗിക്കുന്നത്. ഒരു ചാക്കിൽ 50 കിലോ പ്രകാരം കൂട്ടിയാൽ 10,000 ടൺ മണലാണ് ഇത്തരത്തിൽ കുട്ടനാട്ടിൽ എത്തുക. ഇത് താത്കാലികമായി ഫലം ചെയ്യുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പ്ലാസ്റ്റിക് ചാക്കുകൾക്ക് ആറുമാസം മാത്രമാണ് ആയുസ്സുള്ളത്. ചാക്കുകൾ നശിച്ചാൽ അതിലെ കടൽമണൽ തോടുകളിൽ നിറയും. ഇത് തോടുകളുടെ ആഴം കുറച്ച് .നീരൊഴുക്ക് തടസ്സപ്പെടാനിടയാക്കും. പ്ലാസ്റ്റിക്കിന്റെ ചെറിയ കണികകൾ കുടിവെള്ളത്തിൽ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ചാക്കിലെ മണലിലൂടെ വെള്ളം അരിച്ചുകയറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2018-ലെ പ്രളയത്തിൽ കുട്ടനാട്ടിൽ 13,000 ടൺ എക്കലാണ് അടിഞ്ഞത്. കട്ടകുത്തി തോടുതെളിക്കുന്ന സമ്പ്രദായം 15 വർഷമായി കുട്ടനാട്ടിൽ കുറഞ്ഞുവരികയാണ്. കുട്ടനാട്ടിലെ തോടുകളുടെ വീതി കുറഞ്ഞുവരുന്നു.കുട്ടനാട് പാക്കേജിലെ പ്രധാനയിനം തന്നെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയെന്നതാണ്. ഇപ്പോഴത്തെ മണൽച്ചാക്കടുക്കൽ ഇതിന് വിപരീതമാകുമോ എന്നാണ് ആശങ്ക.
കുട്ടനാട്ടിൽ ബണ്ട് ബലപ്പെടുത്താൻ പാരമ്പര്യ സമ്പ്രദായം തന്നെയാണ് യോജിക്കുക.വള്ളത്തിൽ പോയി പാരയുപയോഗിച്ച് മേൽത്തട്ടിലെ ചെളിമാറ്റി അടിത്തട്ടിലെ കട്ടിച്ചെളി (ഹാർഡ് ക്ളേ)യെടുത്ത് ബണ്ടുറപ്പിക്കുന്ന രീതിയാണിത്.കശുമാവിെന്റയും ആഞ്ഞിലിയുടെയും കമ്പും ഇലയുമെല്ലാം കട്ടയുമായിചേർത്ത് ബണ്ടുറപ്പിച്ചാൽ അതിന് കോൺക്രീറ്റിനേക്കാൾ ബലമുണ്ടാകും.
കുട്ടനാട് കായൽനില കൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ. കട്ടകുത്തി ബണ്ടുറപ്പിക്കുന്നതാണ് കുട്ടനാടിന് അനുയോജ്യം മണലിനുപകരം തോടുകളിലെ ചെളിയെടുത്ത് ഉണക്കി അത് ചാക്കുകളിൽ നിറച്ചാൽ കുറച്ചുകൂടി ഫലവത്താകും. തോടുകളുടെ ആഴവും കൂടും. ശാസ്ത്രീയമായ ഇടപെടലുകളാണ് വേണ്ടത്. പെട്ടെന്നുള്ള നടപടിയെന്ന നിലയിലാണ് .മണൽച്ചാക്കുപയോഗിക്കുന്നതെന്ന് കരുതുന്നു.
ജിബിൻ തോമസ്,
സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ
കടപ്പാട് :മാതൃഭൂമി
Share your comments