1. 2023-2024 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നവർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍നിന്ന് 75,000 രൂപയായി വർധിപ്പിച്ചു. ഫാമിലി പെന്‍ഷന്‍ ഡിഡക്ഷന്‍ 15000 രൂപയില്‍ നിന്ന് 25000 രൂപയായി ഉയര്‍ത്തി. പുതിയ ആദായനികുതി ഘടന അനുസരിച്ച് മൂന്നുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടതില്ല. 3 മുതല്‍ 7 ലക്ഷം വരെ 5 ശതമാനം, 7 മുതല്‍ 10 ലക്ഷം വരെ 10 ശതമാനം,10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം, 15 ലക്ഷം മുതല്‍ വരുമാനമാനമുള്ളവര്‍ക്ക് 30 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ ആദായ നികുതി നിരക്കുകൾ. 2023-2024 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31.
2. ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി. ജൈവവൈവിധ്യ 'ഹോട്ട്സ്പോട്ട്' എന്ന നിലയിൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), കേരള സ്റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍മെന്‍റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ അനുവദിച്ച സ്ഥലത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് പ്രവർത്തനമാരംഭിക്കുക. നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയവയെ കണ്ടെത്തുകയും അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി പുതിയ ഉൽപന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന വിപുലമായ ഗവേഷണ കേന്ദ്രമാണ് ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
Share your comments