വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാന്‍ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം തടയാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെയും വന്യജീവികളുടെയും സംരക്ഷണം ഒരേപോലെ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കിലോമീറ്ററിലേറെ ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ഘട്ടത്തിന്റെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റും. അതിരപ്പള്ളി - വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്ക്, ഫോറസ്റ്റ് കോംപ്ലക്സ് എന്നിവയും സജീവ പരിഗണനയിലാണ്. സഫാരി പാര്‍ക്കിന്റെ വിശദവിവര റിപ്പോര്‍ട്ട് തയ്യാറായിക്കഴിഞ്ഞതായും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. വനം വകുപ്പ് സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂരിനായി അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനം മന്ത്രി എ കെ ശശീന്ദ്രന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ ആര്‍ അനൂപിന് കൈമാറി. വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥില്‍ നിന്നും സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഉടമ്പടി പ്രമാണം ഏറ്റുവാങ്ങി. പീച്ചി വനം ഡിവിഷന്‍, പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവയുടെ ലോഗോ പ്രകാശനം മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യന്‍ പക്ഷികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് പ്രകാശനം, മാലിന്യമുക്ത പ്രതിജ്ഞ, വന്യജീവി വാരാഘോഷം പ്രതിജ്ഞ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.
സന്ദര്‍ശകരെ സ്വീകരിക്കാന്‍ പാര്‍ക്ക് ഒരുങ്ങി: മന്ത്രി കെ രാജന്‍
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഓരോ വര്‍ഷവും സന്ദര്‍ശകരായി 50 ലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവരെ സ്വീകരിക്കാന്‍ പുത്തൂര്‍ ഒരുങ്ങിക്കഴിഞ്ഞതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. 30 വര്‍ഷത്തെ സ്വപ്നസാക്ഷാത്കാരമാണ് പുത്തൂരില്‍ യാഥാര്‍ഥ്യമാവാന്‍ പോകുന്നത്.
മൃഗങ്ങളെ കൂടുകളില്‍ അടച്ചിടുന്നതിന് പകരം അവയ്ക്കാവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് പ്രകൃതിയോട് ഇണങ്ങിക്കഴിയാന്‍ അവയ്ക്ക് അവസരൊരുക്കിയിരിക്കുകയാണ് ഇവിടെ. ലോകത്തിനു മുമ്പില്‍ വിസ്മയമായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. വനത്തിലേക്ക് തിരികെ വിടാന്‍ കഴിയാതെ വനം വകുപ്പ് പരിപാലിക്കുന്ന മൃഗങ്ങളെയും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവരും. പാര്‍ക്കിന്റെ ഉദ്ഘാടനത്തോടെ പുത്തൂര്‍ ഒരു ടൂറിസ്റ്റ് വില്ലേജായി മാറുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
കെഎസ്ഇബി സബ്‌സ്റ്റേഷന്‍ മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച കെഎസ്ഇബി സബ്സ്റ്റേഷന്റെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കര്‍മവും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സുവോളജിക്കല്‍ പാര്‍ക്ക് തൃശൂരിന് പുതിയ ഛായ പകരും: മന്ത്രി ആര്‍ ബിന്ദു
തൃശ്ശൂരിന് പുതിയ ഛായ പകരുന്നതാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ വരവെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കും. വനം വകുപ്പിന്റെ വന്യജീവി വാര വിശേഷാല്‍ പതിപ്പായ അരണ്യത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ചടങ്ങില്‍ ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.
മൃഗശാലയില്‍ നിന്ന് മയിലുകളെത്തി
തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മൃഗശാലയില്‍ നിന്ന് എത്തിച്ച മൂന്ന് മയിലുകളെ മന്ത്രിമാരായ കെ രാജന്‍, എ കെ ശശീന്ദ്രന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച ശേഷം പാര്‍ക്കിലേക്ക് തുറന്നുവിട്ടു. വിവിധ ഘട്ടങ്ങളിലായി ആറു മാസത്തിനകം മറ്റ് മൃഗങ്ങളെ പാര്‍ക്കിലേക്ക് മാറ്റുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
Share your comments