1. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിന്റെ 'പ്രധാനമന്ത്രി ശ്രീ' പദ്ധതിയെത്തുന്നു. തിരഞ്ഞെടുത്ത 14,500 ലധികം സ്‌കൂളുകളെ 'പ്രധാനമന്ത്രി ശ്രീ' സ്‌കൂളുകളായി വികസിപ്പിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. കുട്ടികളിൽ ജൈവ കൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്ക് രഹിത ഭൂമി, ജലസംരക്ഷണം എന്നീ വിഷയങ്ങളിൽ അവബോധം വളർത്തുക, സൗരോർജ പാനലുകൾ, എൽ.ഇ.ഡി ലൈറ്റ്, മറ്റ് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ, തുടങ്ങിയവ ഉറപ്പാക്കി സ്കൂളുകളെ ഹരിത സ്കൂളുകളാക്കുക, കുട്ടികളുടെ പശ്ചാത്തലം, ബഹുഭാഷാ ആവശ്യങ്ങൾ, അക്കാദമിക് കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 20 ലക്ഷം വിദ്യാർഥികൾ പിഎം ശ്രീയുടെ ഗുണഭോക്താക്കളാകും. 2026-27 സമയപരിധിയിലേക്ക് 18,128 കോടി രൂപ കേന്ദ്ര വിഹിതം ഉൾപ്പെടെ 27,360 കോടി രൂപയാണ് പദ്ധതിയിലേക്ക് വകയിരുത്തിയിട്ടുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: മാംഗോ ഹൈപ്പറിൽ നിന്നും കുറഞ്ഞ വിലയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കിഫ്ബിയിൽ ധനസഹായം; കൂടുതൽ വാർത്തകൾ
2. ജീവിതശൈലീ രോഗ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടം പൂർത്തിയാക്കി വയനാട് ജില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായാണ് സ്ക്രീനിംഗ് ആരംഭിച്ചത്. ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ജനകീയ കാമ്പയിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 30 വയസിന് മുകളിലുള്ള 55,703 പേരെയാണ് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയത്. ഇതിൽ റിസ്‌ക് ഫാക്ടർ കാറ്റഗറിയിൽ ഉൾപ്പെടുത്തിയ 10,575 പേർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
3. ജി.എസ്.ടി വകുപ്പിന്റെ ലക്കി ബിൽ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി തിരുവനന്തപുരം സ്വദേശി. കിളിമാനൂർ സ്വദേശി സുനിൽ കുമാറിനാണ് 10 ലക്ഷം രൂപ സമ്മാനം നേടിയത്. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. സെപ്തംബർ 30 വരെ അപ്ലോഡ് ചെയ്യുന്ന ബില്ലുകളാണ് ബമ്പർ സമ്മാനമായ 25 ലക്ഷം രൂപയ്ക്ക് പരിഗണിക്കുക. ഇതുവരെ 1,15,000ത്തോളം ബില്ലുകളാണ് ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്തത്. പ്രതിദിന, പ്രതിവാര നറുക്കെടുപ്പിലൂടെ 750 ഓളം പേർ വിജയികളായി.
4. കൊല്ലം ജില്ലയിൽ സുരക്ഷിത പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടന്നു. പാലരുവി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കൃഷി നടന്നത്. നബാർഡിന്റെ സഹായത്തോടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനി ചെയർമാൻ ബിജു കെ മാത്യൂ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്‌തു. ഓണക്കാലത്ത് വിപണനം ചെയ്യാനുള്ള പച്ചക്കറിയാണ് ഇവിടെ കൃഷിചെയ്തത്.
5. ഓണക്കാലമായതോടെ കേരളത്തിലെ മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഒരു കിലോ മുല്ലപ്പൂവിന് 4,000 രൂപയാണ് വില. ഒരു മുഴം പൂവിന് 100 രുപ നൽകണം. കേരളത്തിൽ മുല്ലപ്പൂ കൃഷി കുറഞ്ഞതും, ആവശ്യക്കാരുടെ വർധനവുമാണ് വിലക്കയറ്റത്തിന് കാരണം. ഇത്തവണ തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായും മുല്ലപ്പൂ ഇറക്കുമതി ചെയ്തത്.
6. പേവിഷബാധയുടെ പശ്ചാത്തലത്തിൽ തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. തൃശൂർ ജില്ലയിലെ വളർത്തുനായകൾ, തെരുവ് നായകൾ, പൂച്ചകൾ എന്നിവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് നിർബന്ധമാക്കി. ജില്ലയിൽ രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ നായ്‌കുട്ടികൾക്കും ഈ മാസം 15നകം കുത്തിവയ്പ്പ് എടുക്കണമെന്നാണ് നിർദേശം.
കുത്തിവയ്പ്പിന് ശേഷം മൃഗാശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിലോ നഗരസഭയിലോ കാണിച്ച് വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമുമായി ബന്ധപ്പെട്ട് തൃശൂരിൽ 4 സെൻ്ററുകൾ തുടങ്ങാനാണ് തീരുമാനം.
7. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൻ്റെ കൃഷിഗാഥ പദ്ധതിയുടെ ഭാഗമായി നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷിഗാഥ ആരംഭിച്ചത്. പരിപാടിയിൽ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു.
8. ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ കൂടുതൽ പുരോഗതി വരുത്തണമെന്ന് കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻപിള്ള. ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ സംയോജിത കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അഞ്ചര ഏക്കർ സ്ഥലത്താണ് സംയോജിത കൃഷി നടത്തിയത്. സംയോജിത കൃഷിരീതിയിലൂടെ മികച്ച മാതൃകയാണ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
9. കേന്ദ്ര നാളികേര വികസന ബോർഡിന്റെ മികച്ച നീര ടെക്നീഷ്യനുള്ള ദേശീയ അവാർഡ് നേടി പി. ദിലീപ് കുമാർ. കേരള കാർഷിക സർവകലാശാലയിലെ നീര മാസ്റ്റർ ട്രെയിനറാണ് ദിലീപ് കുമാർ. പൂങ്കുലനീരിൽനിന്ന് പുളിപ്പിക്കാതെ വേർതിരിച്ചെടുക്കുന്ന നീര കേരാമൃതം വിവിധ ഫാമുകളിൽനിന്ന് പടന്നക്കാട് കാർഷിക കോളജ് പ്ലാന്റിൽ എത്തിക്കുന്നത് ദീലിപ് അടങ്ങുന്ന ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാണ്. സംസ്ഥാനത്തെ മറ്റ് ഫാമുകളിലും ദിലീപ് നീര ചെത്ത് പരിശീലനം നൽകുന്നുണ്ട്. കേന്ദ്ര നാളികേര വികസന ഓഫിസർ രാജുഭൂഷൺ പ്രസാദാണ് ദിലീപിന് അവാർഡ് നൽകിയത്.
10. 2022 ഐഡിഎഫ് വേൾഡ് ഡയറി ഉച്ചകോടി ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾ കേന്ദ്ര ക്ഷീരവികസനമന്ത്രി പർഷോത്തം രൂപാല അവലോകനം ചെയ്തു. ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താ സമ്മേളനത്തിലും കേന്ദ്രമന്ത്രി പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പർഷോത്തം രൂപാല എന്നിവർ പരിപാടിയിൽ മുഖ്യ അതിഥികളായിരിക്കും. 48 വർഷത്തിന് ശേഷം നടത്തുന്ന ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും, 50-ലധികം രാജ്യങ്ങളിൽ നിന്നും 15000-ലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും പർഷോത്തം രൂപാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചകോടി ഈ മാസം 15ന് അവസാനിക്കും.
11. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തമായ പടിഞ്ഞാൻ കാറ്റുമാണ് മഴ തുടരാൻ കാരണം. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Share your comments