നിയമങ്ങൾ കർശനമാക്കുകയും ഉത്പാദനചെലവിനനുസരിച്ചു വരുമാനം ലഭ്യമാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്‌തതോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ലൈവ് സ്റ്റോക്ക് ഫാമുകൾ പൂട്ടുന്നു പശു, ആട്, കോഴി ഫാമുകളെ തദ്ദേശവകുപ്പ് ‘അസഹ്യവും ആപൽക്കരവുമായ’ വ്യാപാരവിഭാഗമായി ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനത്ത് 2000 ഫാമുകൾക്ക് അടച്ചു പൂട്ടാൻ നോട്ടിസ് ലഭിച്ചു. പശു വളർത്തുന്ന സ്ഥലവും സമീപത്തെ വീടുകളുമായി പാലിക്കേണ്ട ദൂരപരിധി ക്വാറികളുടേതിനു തുല്യമായാണു നിശ്ചയിച്ചിരിക്കുന്നത്.പക്ഷികളുടെയും മൃഗങ്ങളുടെയും ഫാമാണെങ്കിലും അവയുടെ നടത്തിപ്പിൽ മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സർവകലാശാല, കോളജ് ഒാഫ് ഏവിയൻ സയൻസസ്, ക്ഷീരവകുപ്പ്, എന്നിവയ്ക്കു നിയന്ത്രണമില്ല.
ഫാം ഏതു സമയത്തും പരിശോധിക്കാൻ തദ്ദേശസ്ഥാപന പ്രതിനിധികൾക്കു മാത്രമാണ് അധികാരം. ചുരുങ്ങിയത് 5 പശു, 20 ആട്, 25 മുയൽ, 100 കോഴി എന്നിവ വളർത്തുന്നവർ പോലും ചട്ടമനുസരിച്ച് ആപൽക്കരമായ ജോലി ചെയ്യുന്നവരാണ്.മലിനീകരണ നിയന്ത്രണ ബോർഡ് പച്ച, ഒാറഞ്ച്, ചുവപ്പ് വിഭാഗങ്ങളിൽപ്പെടുത്തി ഫാമുകൾക്ക് ആപൽക്കരമായ വ്യവസായത്തിനുള്ള ഫീസ് ചുമത്തുന്നു.ദേശാടന പക്ഷികൾ എത്തുന്ന ജലാശയങ്ങളുടെ 4 കിലോമീറ്റർ ചുറ്റളവിൽ ഫാം നടത്തരുതെന്ന വ്യവസ്ഥ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കർഷകർക്കു തിരിച്ചടിയായി മാറിയിട്ടുണ്ട്.അതേ സമയം സർക്കാരിന്റെ മിക്ക ഫാമുകളും ഇത്തരം പ്രദേശത്തോട് ചേർന്നാണുള്ളത്.
Share your comments