<
  1. News

പുതിയ സംരംഭങ്ങൾക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ

2022-23 സംരംഭക വർഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയിളവ് ലഭിക്കും.

Darsana J

1. സംരംഭകർക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 2022-23 സംരംഭക വർഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയിളവ് ലഭിക്കും. പ്രത്യേക പോർട്ടൽ മുഖാന്തരമാണ് അപേക്ഷ നൽകേണ്ടത്.

2. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മിൽമയുടെ പാൽ കവറുകളിൽ ത്രിവർണ പതാകയുടെ ചിത്രവുമുണ്ടാകും. ഓഗസ്റ്റ് 16 വരെ പുറത്തിറക്കുന്ന ഹോമോജനൈസ്ഡ് ടോൺട് മിൽക്ക് കവറിലാണ് പതാക പതിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് രണ്ടാം വാരം തുടങ്ങും

3. ഇന്ന് ലോക അവയവദാന ദിനം. അവയവദാന രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് സമഗ്ര പ്രോട്ടോകോള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണാനന്തര അവയവദാനവും ഈ പ്രോട്ടോകോളിന് കീഴില്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. കാർഷിക പുരോഗതിയും സംഭരണവും വർധിപ്പിക്കാൻ മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ കൽപവജ്ര ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന തപാൽ കവർ, സ്റ്റാമ്പ് എന്നിവയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കൃഷി മൂല്യവർധനത്തിലും വിപണനത്തിലും മാറ്റം വന്നാൽ മാത്രമേ കാർഷിക പുരോഗതി കൈവരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു.

5. പത്തനംതിട്ട കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിൽ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രം, മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീന്‍കേരള കമ്പനിയും ചേര്‍ന്ന് ആറു കോടി രൂപ ചെലവിലാണ്‌ കേന്ദ്രം നിർമിക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്ന് 'നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല' എന്ന പേരില്‍ നടപ്പാക്കുന്ന ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് സംവിധാനം.

6. കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയിൽ പ്രത്യേക പരിഗണന നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിന്റെയും നവീകരിച്ച കുട്ടികളുടെ വാർഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

7. എറണാകുളം പുളിക്കമാലി സ്കൂളിൽ ആയിരം ഗ്രോ ബാഗിൽ വളർത്തിയ വെണ്ട കൃഷിയുടെ വിളവെടുപ്പ് നടത്തി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ച ഹരിതസേനയുടെയും ഇക്കോ ക്ലബുകളുടെയും മേൽനോട്ടത്തിലാണ് കൃഷി നടന്നത്. വിളവെടുപ്പ് ഉദ്ഘാടനം അനൂപ് ജേക്കബ്ബ് എംഎൽഎ നിർവഹിച്ചു.

8. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗയോടനുബന്ധിച്ച് പതാക ഉയർത്തി കൃഷി ജാഗരണും. സൊമാനി സീഡ്സ് ചെയർമാനും എംഡിയുമായ കെ.വി സൊമാനി പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യാതിഥിയായെത്തി. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും ഡയറക്ടർ ഷൈനി ഡൊമിനിക്കും ചേർന്ന് പതാക ഉയർത്തലിന് നേതൃത്വം നൽകി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും വ്യത്യസ്തമായ രീതിയിലാണ് പതാക ഉയർത്തുന്നതെന്നും പുതിയ തലമുറയെ ഇതേക്കുറിച്ച് ബോധവാന്മാരാക്കുന്നതിന്റെ ഉത്തരവാദിത്തം മുതിർന്നവർക്കാണെന്നും കെ.വി സൊമാനി പറഞ്ഞു.

9. മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസകീടനാശിനികൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. തൃശൂരിൽ നടന്ന 'ആരോഗ്യ- ഭക്ഷ്യ സുരക്ഷാ മേഖലയിൽ രാസകീടനാശിനികൾ ഉയർത്തുന്ന ആശങ്കകൾ' എന്ന ശില്പശാലയിലാണ് റിപ്പോർട്ട് വിവരിച്ചത്. 'പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്‌വർക്ക് ഇന്ത്യ' എന്ന പൊതുതാത്പര്യ ഗവേഷക സംഘടനയുടെ റിപ്പോർട്ടിലാണ് അനധികൃതമായി രാജ്യത്ത് കീടനാശിനികൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

10. കുവൈത്തിൽ ആരംഭിച്ച വനാമി ചെമ്മീൻ കൃഷി വൻ വിജയമെന്ന്‌ ശാസ്ത്ര ഗവേഷണ കേന്ദ്രം. കബ്ദ് മരുഭൂമിയിലെ കിസ്‌ർ എക്സിപെരിമെന്റൽ ഫാമിലാണ് ചെമ്മീൻ കൃഷി പരീക്ഷിച്ചത്. കുവൈത്തിന്റെ സമഗ്ര വികസനപദ്ധതിയായ വിഷൻ 2035ന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ആഗോള ചെമ്മീൻ വിപണിയിൽ ഉയർന്ന മാർക്കറ്റുള്ള ഇനമാണ് വനാമി ചെമ്മീൻ.

11. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലും കിഴക്കൻ മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടാകും. കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 15 വരെ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

English Summary: Loan for new enterprises at 4 percent interest

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds