കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെങ്ങും പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കുന്നു.രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ കനത്ത വിലയിടിവ് മൂലം കഷ്ടപ്പെടുകയാണ്. കേരളത്തിലെ പഴം, പച്ചക്കറി ഉല്‍പ്പാദന രംഗത്തെയും കോവിഡ് ബാധ കനത്ത നഷ്ടത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. മാങ്ങ, പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നുവേണ്ട വേനൽക്കാലത്തു പാകമാകുന്ന വിളകളെല്ലാം തിരിച്ചടിനേരിടുകയാണ്.
200 കോടിയിലേറെ നഷ്ടമാണ് പാലക്കാട് മുതലമടയിലെ മാംഗോ സിറ്റിക്ക് ഉണ്ടായിട്ടുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ മൂന്നാം വാരം വരെയുള്ള 40 ദിവസങ്ങളിലാണ് ഇവിടെനിന്ന് മാങ്ങ കയറ്റി അയക്കുന്നത്.ഉത്തരേന്ത്യന്‍ വിപണികളിലേക്ക് ഇവിടെ നിന്ന് പ്രതിദിനം 50 മുതല്‍ 75 വരെ ടണ്‍ മാങ്ങയാണ് കയറ്റി അയച്ചിരുന്നത്.10,000 ഹെക്ടറോളമുള്ള മാവിന്‍ തോട്ടങ്ങളില്‍ ഇപ്പോള്‍ മാങ്ങ പറിക്കാനും തരംതിരിക്കാനും തൊഴിലാളികളില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ജോലികള്‍ ചെയ്തിരുന്നത്. അവരെല്ലാം തിരിച്ചുപോയി. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ തോട്ടങ്ങളിലേക്ക് തൊഴിലാളികള്‍ വരാതായി. ഈ തോട്ടങ്ങളില്‍ ഇനിയും ആയിരക്കണക്കിന് ടണ്‍ മാങ്ങ പറിക്കാതെ ശേഷിക്കുന്നുണ്ട്. തോട്ടങ്ങളിലെ ജോലികള്‍ ഒന്നും നടക്കാത്തതിനാല്‍ ഇവ നശിച്ചുപോകും.
പൈനാപ്പിള്‍ കൃഷിക്ക് പേരുകേട്ട വാഴക്കുളത്തെ കര്‍ഷകരും പ്രതിസന്ധി നേരിടുകയാണ്.മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റി അയക്കാനും സാധിക്കുന്നില്ല. ആഭ്യന്തര വിപണിയിലേക്കുള്ള ചരക്ക് നീക്കവും സ്തംഭിച്ചിരിക്കുന്നു. പൈനാപ്പിള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കാന്‍ പോലും പറ്റുന്നില്ല. വില്‍ക്കാന്‍ വഴിയില്ലാത്തതിനാല്‍ പാകമെത്തിയ പൈനാപ്പിള്‍ വിളവെടുക്കാതെ കര്‍ഷകര്‍ നിര്‍ത്തിയിരിക്കുകയാണ് . വാഴക്കുളത്തു നിന്ന് പ്രതിദിനം 1200 ടണ്‍ പൈനാപ്പിളാണ് കയറ്റി അയക്കുന്നത്. പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരും വ്യാപാരികളും ഇടനിലക്കാരുമെല്ലാം ഇവിടെ ഉപജീവനമാര്‍ഗം നയിക്കുന്നുണ്ട്. കോടികളുടെ നഷ്ടമാണ് പ്രതിദിനം ഇവിടെ ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് പൈനാപ്പിളിന് പൊതുവേ ഉയര്‍ന്ന വില ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ പൈനാപ്പിള്‍ തോട്ടങ്ങളില്‍ ഏകദേശം 5000 ടണ്‍പൈനാപ്പിള്‍ വിളവെടുക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പൈനാപ്പിള്‍ തോട്ടങ്ങളിലെ ജോലികളും സ്തംഭിച്ചിരിക്കുകയാണ്.
അതുപോലെ സംസ്ഥാനത്തു നിന്നുള്ള കാപ്പി, തേയില കയറ്റുമതിയിലും ഇടിവുണ്ടായിട്ടുണ്ട്. ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കും തേയില കയറ്റുമതി ചെയ്യുന്നില്ല. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്. മൊത്തം കാപ്പികയറ്റുമതിയുടെ 20 ശതമാനത്തോളം. ഏപ്രില്‍ – ജൂണ്‍ കാലയളവിലേക്കുള്ള ഓര്‍ഡറുകളാണ് ഇപ്പോള്‍ ലഭിക്കേണ്ടത്. അതില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ലഭിച്ച ഓര്‍ഡറുകള്‍ തന്നെ കണ്ടെയ്‌നര്‍ ലഭിക്കാത്തതിനാല്‍ കയറ്റുമതി ചെയ്യാനും പ്രയാസം നേരിടുന്നുണ്ട്.
തേയില കയറ്റുമതിയിലും വലിയ ഇടിവാണ്. കൊച്ചി തുറമുഖത്ത് വന്‍ തോതില്‍തേയില ഇറക്കുമതി ചെയ്യാതെ കെട്ടികിടക്കുകയാണ്. കയറ്റുമതിയിലെ തടസ്സവും വിലയിടിവും തോട്ടം മേഖലയ്ക്ക് കനത്ത പ്രഹരമാണ്. ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
പഴങ്ങളേക്കാള്‍ കഷ്ടമാകും പച്ചക്കറികളുടെ സ്ഥിതി. 21 ദിവസത്തെസമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞ് തോട്ടങ്ങളില്‍ ചെല്ലുമ്പോള്‍ വിളകള്‍ നശിച്ചുകാണും.തമിഴ്നാട്ടിലെ പഴം, പച്ചക്കറി അടക്കമുള്ള കൃഷികളും ലോക്ക് ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പഴം, പച്ചക്കറി, അരി തുടങ്ങിയവയ്ക്ക് കേരളം പ്രധാനമായി ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ് എന്നതുകൊണ്ടുതന്നെ ഇത് കേരളത്തെയും ബാധിച്ചേക്കാവുന്ന സാഹചര്യമാണുള്ളത്.തൊഴിലാളികളെ ലഭ്യമല്ലാതായതോടെ വേനല്‍ക്കാല നെല്‍കൃഷി താറുമാറായിരിക്കുകയാണ്. . വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വിളവെടുത്തവ മാര്‍ക്കറ്റിലെത്തിക്കാനുമാവുന്നില്ല.
15 ലക്ഷം ഏക്കറോളം തമിഴ്നാട്ടില്‍ നെല്‍കൃഷിയുണ്ട്. ജോലിക്കാരെ ലഭിക്കാത്തതു മൂലം കാര്‍ഷിക ജോലികള്‍ മുടങ്ങിയതിനാല്‍ തുടര്‍ ജോലികള്‍ നടക്കാത്ത സാഹചര്യമാണ്. വന്‍ നഷ്ടമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. അതുപോലെ, തമിഴ്നാട്ടില്‍ എട്ട് ലക്ഷം ഏക്കര്‍ സ്ഥലത്ത് നിലക്കടല കൃഷിചെയ്യുന്നുണ്ട്. ഇതും വിളവെടുക്കാനാവാതെ നശിക്കുകയാണ്.
തമിഴ്നാട്ടിലും കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളിലും വിപണിയില്ലാത്തത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില്‍പനയെ ബാധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കുനീക്കത്തില്‍ തടസ്സം നേരിടുന്നതും പ്രശ്നം സൃഷ്ടിക്കുന്നതായി കര്‍ഷകരും വ്യാപാരികളും പറയുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ കാര്‍ഷികോല്‍പാദനത്തിലുള്ള പ്രതിസന്ധി കേരളത്തെയും ബാധിച്ചേക്കാമെന്ന് ആശങ്കയുയരുന്നത്.
മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് തക്കാളിക്ക് കിലോഗ്രാമിന് രണ്ടു രൂപ പോലുംലഭിക്കുന്നില്ല. മുന്തിര, തണ്ണിമത്തന്‍, പഴം, കോട്ടണ്‍, മുളക്, മഞ്ഞള്‍,മല്ലി, ജീരകം, ഉള്ളി, ഉരുളക്കിഴങ്ങ് കര്‍ഷകരെല്ലാം തന്നെ പ്രതിസന്ധിയിലായിരിക്കുന്നു. മുന്തിരി കര്‍ഷകര്‍ക്ക് 1000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൂട്ടൽ.
Share your comments