കാന്തല്ലൂര്‍ മലനിരകളില്‍ വ്യാപകമായി വിളയുന്ന ബട്ടര്‍ ബീന്‍സിന് കേരള വിപണിയിൽ വിലയില്ല. കാന്തല്ലൂര്‍ മലനിരകളിലെ പുത്തൂര്‍, പെരുമല, ഗുഹനാഥപുരം, ആടിവയല്‍, കീഴാന്തൂര്‍ എന്നിവിടങ്ങളില്‍ നൂറിലധികം ഏക്കറുകളിലാണ് ബട്ടര്‍ ബീന്‍സ് കൃഷിചെയ്യുന്നത്.പേര് പോലെ തന്നെ വെണ്ണ പോലെ മയവും നല്ല രുചിയുമുള്ളതാണ്.വളരെ പോഷകമൂല്യമേറിയതാണ് ഈ ബീൻസ്. അതുകൊണ്ട് തന്നെ വിലകൂടുതലുമാണ്.എന്നാൽ തമിഴ്‌നാട്ടില്‍ നല്ല വില ലഭിക്കുമ്പോഴും ഇവിടെ വട്ടവടയിലെ ബട്ടര്‍ ബീന്‍സ് എടുക്കാന്‍ ആളില്ല.തമിഴ്‌നാട്ടില്‍ ഒരുകിലോ ബട്ടര്‍ ബീന്‍സിന് 100രൂപ മുതല്‍ 150 രൂപവരെ വില ലഭിക്കുന്നുണ്ട്. ഗുണമേന്‍മയേറിയ ഈ ബട്ടര്‍ ബീന്‍സ് അതിര്‍ത്തി കടന്ന് വിപണികളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്നു.തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്.
മറയൂര്‍ മേഖല സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഇത് വാങ്ങാന്‍ മറക്കാറില്ല. വില എന്തായാലും ഏറെ പ്രിയത്തോടെ ഇതുവാങ്ങും. മൂന്നുമാസമാണ് വിളവെടുപ്പുകാലം. വിത്തുകള്‍ കര്‍ഷകര്‍തന്നെ ഉത്പാദിപ്പിക്കുന്നു. മണ്ണൊരുക്കി പാത്തിയുണ്ടാക്കി വിത്ത് മണ്ണിട്ടു മൂടുന്നു. മുളച്ചുവരുന്ന വള്ളികള്‍ കമ്പുകുത്തി പടര്‍ത്തിവിടുന്നു. ഗുണമേന്‍മയേറെയുണ്ടെങ്കിലും കേരള വിപണിയിലെത്തുന്നില്ല. .കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണത്തെപ്പറ്റി അറിയാത്തതാണ് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കാന്തല്ലൂരില്‍നിന്ന് പച്ചക്കറി സംഭരിക്കുന്ന ഹോര്‍ട്ടികോര്‍പ്പും ഇത് സംഭരിക്കുന്നില്ല.
Share your comments