1. രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു. 19 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് 171.50 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കേരളത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 1860 രൂപ മുതൽ 1870 വരെ ഇനിമുതൽ നൽകണം. ഡൽഹിയിൽ 1856.50 രൂപ, കൊൽക്കത്തയിൽ 1960.50 രൂപ, മുംബൈയിൽ 1808 രൂപ, ചെന്നൈയിൽ 2021 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചിരുന്നു.
കൂടുതൽ വാർത്തകൾ: വീടുകളിൽ Solar panel സ്ഥാപിക്കാൻ സർക്കാർ വായ്പയും സബ്സിഡിയും.. കൂടുതൽ വാർത്തകൾ
2. 592 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി മെഡിസെപ്പ്. പദ്ധതി ആരംഭിച്ച് 10 മാസ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ തുടങ്ങി 30 ലക്ഷത്തോളം ഗുണഭോക്താക്കൾ സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ അംഗങ്ങളാണ്. പദ്ധതിയുടെ വിശദാംശങ്ങൾ ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
3. കേരളത്തിൽ കൊപ്ര വില ഇടിയുന്നു. ഉണ്ട കൊപ്ര, സാധാരണ കൊപ്ര, പിടി തേങ്ങ എന്നിവയ്ക്ക് വിപണിയിൽ ആവശ്യക്കാരില്ലാത്തത് നാളികേര കർഷകരെ വലയ്ക്കുകയാണ്. പാലക്കാട് ജില്ലയിൽ ഉണ്ട കൊപ്രയ്ക്ക് 7600 രൂപയും, കൊപ്രയ്ക്ക് 8000 രൂപയും, 12 രൂപയായിരുന്ന പിടി തേങ്ങയ്ക്ക് 8 രൂപയുമാണ് ഇപ്പോൾ വില. 5 മാസമായി കൊപ്രയുടെ ഗതി ഇതുതന്നെയാണ്. കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും സർക്കാർ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
4. ഈദ് ആഘോഷങ്ങൾ അവസാനിച്ചതോടെ ഖത്തറിൽ പച്ചക്കറി വില താഴുന്നു. റമദാൻ മാസത്തെ അപേക്ഷിച്ച് പച്ചക്കറി വിലയിൽ 20 ശതമാനം ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. പ്രാദേശിക പച്ചക്കറികളും, ഇറക്കുമതി ചെയ്ത പച്ചക്കറികളും അധികമായി മാർക്കറ്റിൽ എത്തുന്നത് മൂലമാണ് പച്ചക്കറിവില താഴുന്നത്. തക്കാളി, പയർ വർഗങ്ങൾ എന്നിവയ്ക്ക് വില കുറഞ്ഞെങ്കിലും നാരങ്ങ, ലിച്ചി തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമില്ല.
5. കേരളത്തിൽ കനത്ത മഴ തുടരുന്നു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പെയ്തേക്കാം. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments