സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഓളം സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ കളമശേരി, എറണാകുളം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ കൂടുതൽ സ്‌കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ്.
പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിക്കു ലഭിക്കുന്നുണ്ട്. അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. വലിയ കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന കാര്യം പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷൻ പ്ലാൻ തയാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2023-24 അദ്ധ്യയന വർഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തതിനാൽ സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ തുക ലഭ്യമാക്കി പ്രധാനാധ്യാപകർക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുകയും സിംഗിൾ നോഡൽ അക്കൗണ്ടിൽ ലഭ്യമായ 2022-23 ലെ ശേഷിക്കുന്ന തുകയും ചേർത്ത് ജൂൺ, ജൂലൈ മാസങ്ങളിലെ കുടിശ്ശിക തുക പൂർണ്ണമായും ആഗസ്റ്റ് മാസത്തിലെ കുടിശിക ഭാഗികമായും നൽകുവാൻ കഴിയും.
2023-24 വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും കേന്ദ്ര സർക്കാരുമായി നേരിട്ട് ചർച്ച ചെയ്ത് കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഘട്ടം എത്രയും വേഗം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റ് മാസത്തെ കുടിശിക പൂർണമായും നൽകുമെന്നും മന്ത്രി പറഞ്ഞു.
Share your comments