പാലിൻ്റെ സംഭരണ വില കൂട്ടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ക്ഷീരകർഷകർ വീണ്ടും സമരം ആരംഭിച്ചു.സംഭരണ വില കൂട്ടാൻ വിസമ്മതിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് സഭയെ അറിയിച്ചു.
രാജു ഷെട്ടി എം.പിയുടെ സ്വാഭിമാൻ ഷേത്കാരി സംഘടനയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർ ഞായറാഴ്ചയാണ് സമരം ആരംഭിച്ചത്. സമരം തുടർന്നാൽ മുംബൈയിലും പാൽ വിതരണം തടസ്സപ്പെടും. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ചാണ് നഗരത്തിൽ പാൽ വിൽക്കുന്നത്.സ്വാഭിമാൻ ഷേത്കാരി സംഘടനയോടൊപ്പം അഖിലേന്ത്യാ കിസാൻ സഭയും പങ്കുചേർന്ന് മുംബൈയിൽ പാൽ വിതരണം തടസ്സപ്പെടുത്തുമെന്നുള്ള റിപ്പോർട്ടുകളെ തുടർന്ന് സമരത്തിൽ പങ്കെടുക്കുന്നത് വിലക്കി മുംബൈ പോലീസ് സംഘടനയ്ക്ക് നോട്ടീസ് നൽകി.കഴിഞ്ഞ മാർച്ചിൽ സംഘടനയുടെ നേതൃത്വത്തിൽ നടന്ന കർഷകർ പ്രക്ഷോപവും, ലോങ് മാർച്ച് നടത്തിയിരുന്നു .
അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്ന് നഗരങ്ങളിൽ വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം ചെറുക്കുമെന്ന് രാജുഷെട്ടി പറഞ്ഞു.പുണെയിൽ പാൽ വിതരണ വാഹനങ്ങൾ സമരക്കാർ തടഞ്ഞു. കോലാപ്പുരിൽ പാൽ നിരത്തുകളിലൊഴുക്കിയാണ് സമരക്കാർ പ്രതിഷേധിച്ചത്.വർധയിൽ നിന്ന് നാഗ്പുരിലേക്ക് പാലുമായി പോകുകയായിരുന്ന ടാങ്കർ സമരക്കാർ അടിച്ചു തകർത്തു.
ക്ഷീരകർഷകർ പായ്ക്കറ്റ് പാൽ ഉത്പാദന സംഘങ്ങൾക്ക് (ഡെയറീസ്) ലിറ്ററിന് 17 രൂപ നിരക്കിലാണ് പാൽ വിൽക്കുന്നത്. അവർ പാൽ സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കി ലിറ്ററിന് 42 രൂപ നിരക്കിലാണ് വിൽക്കുന്നത്.22 രൂപയാക്കി സംഭരണ വില വർധിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രതിദിനം 55 ലക്ഷം പാൽപായ്ക്കറ്റുകൾ മുംബൈയിൽ മാത്രം വിൽക്കുന്നുണ്ട്.
Share your comments