വീട്ടിലിരുന്ന് വരുമാനം കണ്ടെത്താനാവുന്ന ഒരുപാട് സംരഭങ്ങളുണ്ട്. ചെറുകിട ബിസിനസുകളും കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങളും കൈത്തൊഴിലുകളും ഉൾപ്പെടെ നിരവധി ആശയങ്ങൾ സാമ്പത്തികമായും സാമൂഹികരംഗത്തും പിന്നാക്കം നിൽക്കുന്നവർക്കായി സർക്കാർ അവതരിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ സമൂഹത്തിന്റെ പിന്നാക്കവിഭാഗത്തിൽ നിന്ന് മുഖ്യധാരയിലേക്ക് കുതിയ്ക്കാൻ അശ്രാന്തം പരിശ്രമിക്കുന്നവരാണ് വനിതകൾ. സ്വയം വരുമാന മാര്‍ഗം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന വനിതകൾക്കൊപ്പം സർക്കാരും പങ്കുചേരുന്ന ഒരു പദ്ധതിയാണ് മഹിള സമൃദ്ധി യോജന.
സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള സർക്കാർ വായ്പ
ചെറിയ ഒരു സംരംഭത്തിനായി കുറഞ്ഞ പലിശയിൽ ഒന്നര ലക്ഷത്തിനടുത്ത് വരെ വായ്പ നൽകുന്നത് പോലുള്ള നിരവധി ധനസഹായങ്ങൾ ഇതിലൂടെ സർക്കാർ നൽകി വരുന്നു. സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന മഹിള സമൃദ്ധി യോജനയുടെ പരമാവധി ധനസഹായം 1,40,000 രൂപയാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി മൂന്ന് വർഷമാണ്. പദ്ധതി ചെലവിന്റെ പരമാവധി 90 ശതമാനം തുക വരെ സഹായമായി ലഭിക്കുന്നു.
ഈ വായ്പകൾ ലഭ്യമാക്കുന്നത് എൻഎസ്‍സിഫ്‍ഡിസി അല്ലെങ്കിൽ നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ്. മൂന്ന് മാസത്തോ മോറട്ടോറിയവും ഇതിൽ ലഭ്യമാണ്.
മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ കീഴിൽ പിന്നാക്ക വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കുന്നുണ്ട്. തൊഴിൽ രഹിതരും 18- 50 വയസിന് ഇടയിൽ പ്രായമുള്ളവർക്കുമാണ് ധനസഹായം നൽകുന്നത്. പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതികൾക്ക് മഹിള സമൃദ്ധി യോജനയുടെ സേവനത്തിനായി അപേക്ഷിക്കാം.
തൊഴിൽ രഹിതരും നിർദിഷ്ട പ്രായത്തിലുള്ളവരും വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇവരുടെ കുടുംബ വാർഷിക വരുമാനത്തിന്റെ പരമാവധി തുക 1,20,000 രൂപയാണ്. കൂടാതെ, ഈ വിഭാഗത്തിലുള്ള വനിതകൾക്ക് മാത്രമാണ് സേവനം ലഭിക്കുന്നത്.
മഹിളാ സമൃദ്ധി യോജന പദ്ധതിയ്ക്ക് കീഴിൽ അപേക്ഷിക്കുന്ന മഹിളകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന, വിജയ സാധ്യതയുള്ള ഏതു സ്വയംതൊഴിൽ സംരംഭത്തിനും ധനസഹായം ഉറപ്പാക്കുന്നുണ്ട്. ഇവയുടെ വിശദ വിവരങ്ങൾ അറിയാൻസ ജില്ലാ പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
പട്ടികജാതിയിൽപെട്ട വനിതാ സംരംഭകരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്വയം സഹായ സംഘങ്ങള്‍ക്കും പ്രത്യേക ധനസഹായം നൽകുന്ന പദ്ധതികളുണ്ട്. പത്തോ 15ഓ അംഗങ്ങളുള്ള ഒരു സംഘത്തിന് പരമാവധി 6,00,000 രൂപ വരെ പദ്ധതി തുകയായി അനുവദിക്കാറുണ്ട്. ഇതില്‍ സബ്സിഡി തുക ലഭിക്കുന്നത് 2,40,000 രൂപ വരെയാണ്.
എന്നാൽ, സംഘം രൂപീകരിച്ച ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിജയകരമായി പ്രവര്‍ത്തിച്ച് ഗ്രേഡിങ് കഴിഞ്ഞുള്ള സ്വയം സഹായ സംഘങ്ങൾക്കാണ് ഈ വായ്പ നൽകുന്നത്. മൂന്ന് വര്‍ഷം വരെ വായ്പ തിരിച്ചടയ്ക്കാനുള്ള സമയം അനുവദിക്കുന്നു. ആറ് ശതമാനമാണ് പലിശ നിരക്ക്.
Share your comments